കുന്നുംപുറം പോക്‌സോ കേസ്: ഒളിവിലായിരുന്ന മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി
തിരൂരങ്ങാടി: കുന്നുംപുറം പാലിയേറ്റീവ് കേന്ദ്രത്തില്‍ അനാഥ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കീഴടങ്ങി. കുന്നുപുറം സ്വദേശി ചോലക്കന്‍ മുഹമ്മദാണ് മഞ്ചേരി പോക്സോ കോടതിയില്‍ ഇന്ന് കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയും പാലിയേറ്റീവ് കേന്ദ്രത്തിന്റെ മുന്‍ സെക്രട്ടറിയുമായിരുന്ന അരീക്കന്‍ സക്കീറലി റിമാന്റിലാണ്. സക്കീറലിയും മുഹമ്മദും കേന്ദ്രത്തില്‍ വച്ചും വീട്ടില്‍ വച്ചും നിരവധി തവണ ലൈംഗകി പീഡനത്തിനിരയാക്കിയിരുന്നതായി പെണ്‍കുട്ടിയെ മൊഴി നല്‍കിയിരുന്നു.
നിര്‍ധന കുടുംബമായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുന്നുംപുറത്ത് വാടകയ്ക്കു താമസിച്ചു വരുന്നതിനിടെ കോഴിക്കോട് ജില്ലക്കാരനായ പിതാവ് മരണപ്പെടുകയും ഗൂഡല്ലൂര്‍ സ്വദേശിനിയായ മാതാവ് രോഗബാധിതയായി പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ചികില്‍സയിലിരിക്കെയുമാണ 2018ല്‍ ബാലികയ്ക്ക് എട്ടു വയസ്സുള്ളപ്പോള്‍ പീഡനം തുടങ്ങിയത്. പാലീയേറ്റീവ് കേന്ദ്രത്തില്‍ വച്ചും സക്കീറലിയുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. മാതാവ് മരണപ്പെട്ട ശേഷം, പിതാവിന്റെആദ്യ ഭാര്യയിലുള്ള മകള്‍ പെണ്‍കുട്ടിയെ ഏറ്റെടുക്കുകയും കോഴിക്കോട് ജില്ലയില്‍ താമസിച്ച് വരികയും ചെയ്യുന്നതിനിടെ, ചൈല്‍ഡ് ലൈനിനെ സ്വാധീനിച്ച് സക്കീറലി പെണ്‍കുട്ടിയെ ഏറ്റെടുക്കാനുള്ള പ്രതികളുടെ നീക്കങ്ങളാണ് സംശയമുയരാന്‍ കാരണം. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുവായ അഭിഭാഷക നടത്തിയ കൗണ്‍സലിങിലാണ് ഞെട്ടിക്കുന്ന പീഡന സംഭവം പുറത്തായത്.
സംഭവം പുറംലോകം അറിഞ്ഞതോടെ പരാതി പിന്‍വലിക്കാന്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി ഉന്നത രാഷ്ട്രീയക്കാരെത്തുകയും ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ബന്ധുക്കള്‍ പരാതിയില്‍ ഉറച്ച് നിന്നതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. സക്കീറലി നേരത്തേ കീഴടങ്ങിയെങ്കിലും മുഹമ്മദ് ഒളിവില്‍ പോവുകയായിരുന്നു. ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടി തന്നെ മുഹമ്മദിനെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയതായി ആരോപണമുയര്‍ന്നിരുന്നു. അതേസമയം, മുഹമ്മദ് കീഴടങ്ങിയതോടെ പാലിയേറ്റീവ് കേന്ദ്രത്തിന്റെ മറവില്‍ നടന്ന പല തട്ടിപ്പുകളും പുറത്താവുമെന്നും നാട്ടുകാര്‍ പറയുന്നു. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി രണ്ടുദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയിരിക്കുകയാണ്.