ജനങ്ങളെ ഭീതിയിലാഴ്ത്തിയ കുറുവ മോഷണ സംഘാംഗങ്ങള്‍ പിടിയില്‍
ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശി തങ്കപ്പാണ്ട്യന്‍, തഞ്ചാവൂര്‍ സ്വദേശി ശെല്‍വി പാണ്ഡ്യന്‍ എന്നിവരാണ് അറസ്റ്റിലായത്.
പാലക്കാട്: വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഒറ്റപ്പാലം മേഖകളില്‍ നാടുകാരെ ഭീതിയിലാഴ്ത്തിയ കറുവ മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍. ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശി തങ്കപ്പാണ്ട്യന്‍, തഞ്ചാവൂര്‍ സ്വദേശി ശെല്‍വി പാണ്ഡ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ജില്ലാ പോലിസ് മേധാവി വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യ, നെന്മാറ ഇന്‍സ്‌പെക്ടര്‍ ദീപാ കുമാര്‍, വടക്കഞ്ചേരി ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രസിംഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.ഇവരില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു.മാരകായുധങ്ങളുമായാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്.
ഇക്കഴിഞ്ഞ ആഗസ്ത് 31ന് വടക്കഞ്ചേരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഡയാന ബാറിന് പുറകിലുള്ള പള്ളിക്കാട് എന്ന സ്ഥലത്ത് രാത്രിയില്‍ വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന ഒരു സ്ത്രീയുടെ ഏകദേശം 31 പവനോളം വരുന്ന സ്വര്‍ണ്ണ മാല പൊട്ടിച്ച് മോഷണം നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് ദൃശ്യങ്ങളില്‍ നിന്നു ലഭിച്ചവരുമായി രൂപ സാദൃശ്യമുള്ള കേരളത്തിലെയും തമിഴ്‌നാട്ടിലേയും മുന്‍ പ്രതികളെപ്പറ്റി അന്വേഷിക്കുന്നതിനിടെ ഇതേ ആളുകള്‍ വടക്കഞ്ചേരി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പരുവാശ്ശേരി നെല്ലായ പാടത്ത് മോഷണ ശ്രമം നടത്തിയതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി. തുടര്‍ന്ന് സമാന രീതിയില്‍ നെമ്മാറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഈ മാസം 6നും
കൊല്ലങ്കോട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഈ മാസം ഒന്നിനും മോഷണം നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരവെ
ഒരു സംഘം തമിഴ്‌നാട്ടിലെ കുംഭം, തേനി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും ഒരുസംഘം ആനമല മധുര നാമക്കല്‍ തമ്പാനൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും ഒരു സംഘം കോഴിക്കോട് പേരാമ്പ്ര ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും ഫോണ്‍ നമ്പറുകളും അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളായ മാരിമുത്തു, പാണ്ട്യന്‍ എന്നിവര്‍ പിടിയിലായി.മാരിമുത്തുവും, പാണ്ഡ്യനു മുന്‍പ് തമിഴ്‌നാട്ടില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.മാരിമുത്തുവിനും പാണ്ഡ്യനും തമിഴ്‌നാട്ടില്‍ നിരവധി കേസുകളുണ്ട്. പകല്‍ സമയങ്ങളില്‍ പ്രതികള്‍ തമിഴ്‌നാട്ടില്‍ നിന്ന് ബസ്സില്‍ വന്ന് സ്ഥലങ്ങളും, വീടുകളും നിരീക്ഷിച്ച് പറമ്പുകളിലും, സ്ഥലങ്ങളിലും ഒളിഞ്ഞിരുന്നും മറ്റുമാണ് മോഷണം നടത്തിവന്നത്.