ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം; നിലപാടില്‍ ഉറച്ച് കുവൈത്ത്
ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടുന്നതിനുള്ള തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുക എന്നതാണ് കുവൈത്തിന്റെ ഉറച്ച നിലപാടെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് ഹമദ് അല്‍ സബാഹ് വ്യക്തമാക്കി.
ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും കുവൈത്ത്. ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടുന്നതിനുള്ള തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുക എന്നതാണ് കുവൈത്തിന്റെ ഉറച്ച നിലപാടെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് ഹമദ് അല്‍ സബാഹ് വ്യക്തമാക്കി. യുഎന്‍ ജനറല്‍ അസംബ്ലിയുടെ വിര്‍ച്വല്‍ സെഷനില്‍ കുവൈത്ത് അമീറിനെ പ്രതിനിധീകരിച്ചു സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അറബ്‌സമാധാന പദ്ധതിയുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ശാശ്വത സമാധാനവും പരിഹാരവും ഉണ്ടാക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നാണ് കുവൈത്ത് ആഗ്രഹിക്കുന്നത്.
യെമനില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ് ഏക പരിഹാരമെന്നും അല്‍ സബാഹ് കൂട്ടിച്ചേര്‍ത്തു. യമനിലെ യുഎന്നിന്റെ പ്രത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്സ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ അദ്ദേഹം എല്ലാ പ്രതിനിധികളോടും ആവശ്യപ്പെട്ടു.