വിട പറഞ്ഞത് മധ്യ പൂര്‍വ ദേശത്ത് ഏവര്‍ക്കും സ്വീകാര്യനായ മധ്യസ്ഥന്‍

ജീവ കാരുണ്യ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ മുന്‍ നിര്‍ത്തി 2014 സെപ്റ്റംബര്‍ 9 നു ഐക്യരാഷ്ട്ര സഭ അദ്ദേഹത്തെ 'ആഗോള മാനവികതയുടെ നേതാവ്' എന്ന പദവി നല്‍കിയാണു ആദരിച്ചത്.

Update: 2020-09-29 15:27 GMT
സകരിയ്യ കുവൈത്ത്


കുവൈത്ത് സിറ്റി: ഇന്ന് വിട പറഞ്ഞ കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹ് മധ്യ പൂര്‍വ്വ ദേശത്തെ ഏവര്‍ക്കും സ്വീകാര്യനായ മധ്യസ്ഥന്‍. സമാധാന ദൂതനായും ഏവര്‍ക്കും സ്വീകാര്യനായ നയതന്ത്രജ്ഞനുമായാണ് അദ്ദേഹത്തെ കണക്കാക്കി പോന്നത്.


വിദേശകാര്യ മന്ത്രി എന്ന നിലയില്‍ 40 വര്‍ഷകാലത്തെ അനുഭവജ്ഞാനവുമായി അമീര്‍ പദവിയില്‍ എത്തിയ അദ്ദേഹത്തിന് ലോകത്തെ മുഴുവന്‍ രാഷ്ട്രങ്ങളുടെ നേതാക്കളുമായുള്ള മികച്ച ബന്ധം കാത്തു സൂക്ഷിക്കാന്‍ സാധിച്ചു.

മധ്യ പൗരസ്ത്യ ദേശത്തും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലും മുതിര്‍ന്ന കാരണവന്റെ സ്ഥാനത്താണു അദ്ദേഹം പ്രതിഷ്ടിക്കപ്പെട്ടത്. 2017 ജൂണില്‍ ഖത്തറും സൗദി, യുഎഇ, ബഹറൈന്‍ മുതലായ ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ലോക നേതാക്കളുടെ പ്രശംസക്ക് പാത്രമായിരുന്നു.


ലോകത്തെ ദുരിതമനുഭവിക്കുന്ന ജന വിഭാഗത്തിനു സ്വന്തം നിലയില്‍ സഹായം ചൊരിഞ്ഞ ഷൈഖ് സബാഹ് സിറിയ,ഫലസ്തീന്‍, ഇറാഖ് മുതലായ രാജ്യങ്ങളിലെ ജനങ്ങളെ പുനരുദ്ധരിക്കുന്നതിനു വേണ്ടി കുവൈത്ത് കേന്ദ്രമാക്കി ആഗോള തലത്തിലുള്ള നിരവധി സമ്മേളനങ്ങളും വിളിച്ചു ചേര്‍ത്തു.

ജീവ കാരുണ്യ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ മുന്‍ നിര്‍ത്തി 2014 സെപ്റ്റംബര്‍ 9 നു ഐക്യരാഷ്ട്ര സഭ അദ്ദേഹത്തെ 'ആഗോള മാനവികതയുടെ നേതാവ്' എന്ന പദവി നല്‍കിയാണു ആദരിച്ചത്. ഇതോടൊപ്പം കുവൈത്ത് എന്ന കൊച്ചു രാജ്യം ആഗോള മാനവിക കേന്ദ്രം എന്ന ബഹുമതിയിലൂടെ ലോകത്തിന്റെ നെറുകയില്‍ എത്തുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ഈ മാസം അമേരിക്കയുടെ പരമോന്നത സൈനിക ബഹുമതിയായ ലീജിയന്‍ ഓഫ് മെറിറ്റ് പുരസ്‌കാരത്തിനും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

Tags:    

Similar News