സൗദിക്കും ബഹ്‌റൈനും പിന്നാലെ കുവൈത്തും ലബ്‌നീസ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കി

Update: 2021-10-30 18:47 GMT

റിയാദ്: സൗദിക്കും ബഹ്‌റൈനും പിന്നാലെ കുവൈത്തും ലബ്‌നാന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. 48 മണിക്കൂറിനകം രാജ്യം വിടാനാണ് കുവൈത്തും ആവശ്യപ്പെട്ടിട്ടുള്ളത്. ലബ്‌നാനിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം യമനില്‍ നടത്തുന്ന യുദ്ധത്തിനെതിരേ ലബ്‌നീസ് മന്ത്രി ഈ ആഴ്ച്ച ആദ്യത്തില്‍ നടത്തിയ പരാമര്‍ശമാണ് ഗള്‍ഫ് രാജ്യങ്ങളും ലബ്‌നാനും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

സൗദി അറേബ്യക്കും മറ്റ് ജിസിസി രാജ്യങ്ങള്‍ക്കുമെതിരായ അസ്വീകാര്യമായ നിലപാടും തെറ്റായ പ്രസ്താവനകളുമാണ് തീരുമാനത്തിന് പിന്നിലെന്ന് കുവൈത്ത് മന്ത്രാലയം പ്രഖ്യാപിച്ചു.

സൗദി അറേബ്യ ലബ്ാനില്‍ നിന്നുള്ള മുഴുവന്‍ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. പൗരന്മാര്‍ ലബ്‌നാനിലേക്ക് സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.

ലബ്‌നാനും സൗദിയും തമ്മിലുള്ള ബന്ധം നേരത്തേ വഷളായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച്ച ലബ്‌നീസ് വാര്‍ത്താവിനിമയ മന്ത്രി ജോര്‍ജ് കൊര്‍ദാഹിയുടെ വീഡിയോ പുറത്ത് വന്നതോടെയാണ് പ്രശ്‌നം മൂര്‍ഛിച്ചത്. സൗദി സഖ്യം യമനില്‍ ഹൂത്തികള്‍ക്കെതിരേ നടത്തുന്ന യുദ്ധത്തെ വിമര്‍ശിക്കുന്നതായിരുന്നു വീഡിയോ. എന്നാല്‍, ഒരു മാസം മുമ്പ് തന്നെ മന്ത്രിയായി നിയമിക്കുന്നതിന് മുമ്പുള്ളതാണ് ടെലിവിഷന്‍ അഭിമുഖത്തിലെ ദൃശ്യങ്ങളെന്നാണ് കൊര്‍ദാഹിയുടെ വിശദീകരണം. തന്റെ നിലപാട് വ്യക്തിപരമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പുറത്തു നിന്നുള്ള അധിനിവേശത്തെ ചെറുക്കുകയാണ് ഹൂത്തികളെന്ന് വീഡിയോയില്‍ കൊര്‍ദാഹി പറയുന്നു. സൗദിയുടെ നേതൃത്വത്തില്‍ ദീര്‍ഘകാലമായി നടക്കുന്ന യുദ്ധത്തിന് യാതൊരു ഫലവുമില്ലെന്നും അത് അവസാനിപ്പിക്കണമെന്നും കൊര്‍ദാഹി ആവശ്യപ്പെട്ടിരുന്നു.

കൊര്‍ദാഹിയുടെ പ്രസ്താവന ലബ്‌നീസ് സര്‍ക്കാര്‍ നിലപാട് അല്ലെന്ന് പ്രധാനമന്ത്രി മികാത്തിയും പ്രസിഡന്റ് മൈക്കല്‍ ഔനും വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News