റെഡ് ലിസ്റ്റ് സംവിധാനം കുവൈത്ത് പുനസ്ഥാപിച്ചു
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ 14 ദിവസം മറ്റൊരു രാജ്യത്ത് ക്വാറന്റൈന്‍ അനുഷ്ഠിക്കാതെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കില്ല
കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍നിന്നുള്ള പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പു നടപ്പാക്കിയിരുന്ന റെഡ് ലിസ്റ്റ് സംവിധാനം കുവൈത്ത് പുനസ്ഥാപിച്ചു. ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് റെഡ് ലിസ്റ്റില്‍ പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്, ലെസോതോ, എസ്വതനി, സാംബിയ, മലാവി എന്നീ രാജ്യങ്ങള്‍ക്കാണ് വ്യോമയാന വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ 14 ദിവസം മറ്റൊരു രാജ്യത്ത് ക്വാറന്റൈന്‍ അനുഷ്ഠിക്കാതെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കില്ല. വൈറസ് വ്യാപിക്കുന്നതിനനുസരിച്ച് കൂടുതല്‍ രാജ്യങ്ങളെ റെഡ്‌ലിസ്‌റില്‍ ഉള്‍പ്പെടുത്തിയേക്കും. കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടികയില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 43 ഓളം രാജ്യങ്ങളെ റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നു ഒഴിവാക്കിയ റെഡ്‌ലിസ്റ്റ് സംവിധാനം ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പുനഃസ്ഥാപിച്ചത്. യാത്രാവിമാനങ്ങള്‍ക്ക് മാത്രമാണ് വിലക്കുള്ളത്. നിയന്ത്രണങ്ങളോടെയും ജാഗ്രതയോടെയും ചരക്കുവിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇപ്പോള്‍ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിലേക്ക് നിലവില്‍ കുവൈത്തില്‍നിന്ന് നേരിട്ട് വിമാന സര്‍വീസ് ഇല്ല. അതുകൊണ്ട് തന്നെ ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായ ഉത്തരവ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടാക്കില്ല. പുതിയ ഒമിക്രോണ്‍ കുവൈത്തിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതാ നടപടികള്‍ ഡിജിസിഎ എടുത്തിട്ടുണ്ട്.