ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹ് കുവൈത്തിന്റെ പുതിയ അമീര്‍
ആഭ്യന്തര മന്ത്രി അനസ് അല്‍ സാലെഹ് കുവൈത്ത് ടെലവിഷന്‍ വഴിയാണു മന്ത്രി സഭാ തീരുമാനം പ്രഖ്യാപിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ ഭരണാധികാരിയായി ഉപ അമീര്‍ ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന അടിയന്തിര മന്ത്രി സഭാ യോഗത്തിലാണു പുതിയ അമീറായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലെഹ് കുവൈത്ത് ടെലവിഷന്‍ വഴിയാണു മന്ത്രി സഭാ തീരുമാനം പ്രഖ്യാപിച്ചത്.
മന്ത്രിസഭാ തീരുമാനം ഇനി പാര്‍ലമെന്റിലും അംഗീകരിച്ച ശേഷം നാളെ 11മണിക്ക് ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ എത്തി അദ്ദേഹം സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും . 2006 ഫെബ്രുവരി 7 മുതല്‍ കിരീടാവകാശിയായി തുടരുന്ന ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിനു, അന്തരിച്ച അമീര്‍ രോഗ ബാധിതതനായി അമേരിക്കയിലേക്ക് കൊണ്ട് പോകുന്നതിനു മുമ്പ് അമീറിന്റെ പ്രത്യേക അധികാരങ്ങളും നല്‍കിയിരുന്നു.
1937 ജൂണ്‍ 25നു കുവൈത്തിന്റെ മൂന്നാമത്തെ അമീര്‍ ഷൈഖ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും യാമ്മാമയുടെയും മകനായി കുവൈത്ത് സിറ്റിയിലാണു ജനനം. 1962 ല്‍ ഹവല്ലി ഗവര്‍ണ്ണറായാണു ഭരണ രംഗത്തേക്കുള്ള പ്രവേശനം.
പിന്നീട് 1978 മുതല്‍ 88 വരെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ആയിരുന്നു ഷൈഖ് നവാഫ്. ഇറാഖ് അധിനിവേശത്തില്‍ നിന്നും കുവൈത്ത് വിമോചനം നേടിയപ്പോള്‍ പ്രതിരോധ മന്ത്രിയായി നിയമിതനായി.