കുവൈത്ത് തിരിച്ചെത്തിച്ചത് 22,350 പൗരന്‍മാരെ, മൂന്നാം ഘട്ടം ഇന്ന് മുതല്‍
കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുവൈത്തി പൗരന്മാരെ തിരിച്ചെത്തിക്കുന്ന ദൗത്യത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയായി. ആറു ദിവസം കൊണ്ട് തിരിച്ചെത്തിച്ചത് 22350 പേരെ. രക്ഷാ ദൗത്യത്തിന്റെ മൂന്നാം ഘട്ടം ഇന്ന് ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു.
ഏപ്രില്‍ 19 മുതല്‍ 21 വരെയുള്ള ഒന്നാം ഘട്ടത്തില്‍ 11850 പേരെയും 23നു ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ 10,500 പേരെയും ആണ് രാജ്യത്തു തിരിച്ചെത്തിച്ചത്. രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം, ഡല്‍ഹി, മുംബൈ എന്നീ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നും കുവൈത്തികളെ തിരിച്ചെത്തിച്ചിരുന്നു.
ഒരാള്‍ക്ക് വേണ്ടി മാത്രം സെനഗലിലേക്കു വിമാനമയച്ചതും വലിയ വാര്‍ത്തയായി. ഇന്ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ മൂന്ന് ദിവസങ്ങളിലായി 8.190 കുവൈത്തികളെ കൊണ്ടുവരാനാണ് പദ്ധതി. 35 വിമാനങ്ങളാണ് മൂന്നാം ഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്തത്. അരലക്ഷത്തോളം പൗരന്മാരെ തിരിച്ചെത്തിക്കുന്ന രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ ദൗത്യത്തിനു വിദേശകാര്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റുമാണ് നേതൃത്വം നല്‍കുന്നത്.
തിരിച്ചെത്തുന്ന സ്വദേശികള്‍ക്ക് വിമാനത്താവളത്തില്‍ വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ വിമാനത്താവളത്തില്‍ പൗരന്‍മാരെ സ്വീകരിക്കാന്‍ എത്തുന്നുണ്ട്. 600 ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ വലിയൊരു സംഘം വിമാനത്താവളത്തില്‍ ക്യാംപ് ചെയ്തു വരുന്നു. കുവൈത്ത് എയര്‍വെയ്‌സ്, ജസീറ എയര്‍വെയസ് വിമാനങ്ങളിലാണ് പൗരന്മാരെ തിരിച്ചെത്തിക്കുന്നത്