കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു

Update: 2023-12-16 11:06 GMT

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു. 86 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗികമായി അറിയിച്ചു. കുവൈത്തിന്റെ 16ാമത് അമീര്‍ മരണത്തിന് കീഴങ്ങിയതായി അമീരി ദിവാന്‍ കാര്യ മന്ത്രി അറിയിച്ചു. മരണകാരണമൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല. കുവൈത്തിന്റെ ഡെപ്യൂട്ടി ഭരണാധികാരിയും ഇദ്ദേഹത്തിന്റെ അര്‍ധസഹോദരനുമായ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അടുത്ത ഭരണാധികാരിയായി ചുമതലയേല്‍ക്കുമെന്ന് റിപോര്‍ട്ട്. തന്റെ അര്‍ധസഹോദരന്‍ ഷെയ്ഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് 91ാം വയസ്സില്‍ അമേരിക്കയില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് 2020 സപ്തംബറിലാണ്‌ശൈഖ് നവാഫ് സത്യപ്രതിജ്ഞ ചെയ്തത്.

    കുവൈത്ത് ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ കാലഘട്ടമാണെങ്കിലും ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഏറെ പുരോഗതിക്കു കളമൊരുക്കിയ ഭരണാധികാരിയാണ്. അധികാരമേറ്റെടുക്കുന്നതിന് മുമ്പ് ശൈഖ് നവാഫ് പതിറ്റാണ്ടുകളോളം ഉയര്‍ന്ന പദവി വഹിച്ചിരുന്നു. 2006ല്‍ അനന്തരാവകാശിയായി നാമകരണം ചെയ്യപ്പെട്ട അദ്ദേഹം, 1990ല്‍ ഇറാഖ് സൈന്യം എണ്ണ സമ്പന്നമായ എമിറേറ്റ് ആക്രമിച്ചപ്പോള്‍ പ്രതിരോധ മന്ത്രിയായിരുന്നു. വെല്ലുവിളികളെ അഭിമുഖീകരിച്ച് ആഭ്യന്തര മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. അല്‍സബാഹ് രാജകുടുംബത്തിലെ ജനപ്രീതിയാര്‍ജ്ജിച്ച നേതാവായിരുന്ന അദ്ദേഹം എളിമയ്ക്ക് പേരുകേട്ടയാളായിരുന്നു. ക്ഷമാപണങ്ങളുടെ അമീര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പൊതുമാപ്പ്, തടവുകാരുടെ മോചനം, പൗരത്വം എന്നിവയിലൂടെ ആധുനിക കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ അനുരഞ്ജനത്തിന് നേതൃത്വം നല്‍കിയതിനാലാണ് ഇത്തരമൊരു വിശേഷണമുണ്ടായത്. 1921 മുതല്‍ 1950 വരെ കുവൈത്തിലെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ അഞ്ചാമത്തെ മകനായി 1937ലാണ് ഷെയ്ഖ് നവാഫ് ജനിച്ചത്. കുവൈത്തില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയെങ്കിലും ഉന്നത വിദ്യാഭ്യാസത്തിന് പോയില്ല. 25ാം വയസ്സില്‍ ഹവല്ലി പ്രവിശ്യയുടെ ഗവര്‍ണറായാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഗവര്‍ണര്‍, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, സാമൂഹ്യകാര്യതൊഴില്‍ മന്ത്രി, ഉപപ്രധാനമന്ത്രി, കിരീടാവകാശി, അമീര്‍ തുടങ്ങിയ നിലയില്‍ രാജ്യ പുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്.

Tags:    

Similar News