ലാ ലിഗ; അത്‌ലറ്റിക്കോയും സെവിയ്യയും ചാംപ്യന്‍സ് ലീഗിന്; സീസണ് പരിസമാപ്തി

അടുത്ത സീസണില്‍ രണ്ടാം ഡിവിഷനിലെ ടോപ് മൂന്ന് ക്ലബ്ബുകള്‍ സ്പാനിഷ് ലീഗില്‍ കളിക്കും. സ്പാനിഷ് ലീഗിന്റെ പുതിയ സീസണ്‍ സെപ്തംബര്‍ പകുതിയോടെ തുടങ്ങും.

Update: 2020-07-20 08:31 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗ് 2019-20 സീസണ് അവസാനം. കഴിഞ്ഞ ദിവസം നടന്ന 10 മല്‍സരങ്ങളോടെയാണ് സീസണ് പരിസമാപ്തി കുറിച്ചത്.ഒരു മല്‍സരം ശേഷിക്കെ റയല്‍ മാഡ്രിഡ് കിരീടം നേടിയിരുന്നു.

ആല്‍വ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സലോണ രണ്ടാമത് ഫിനിഷ് ചെയ്തു. അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ് ബാഴ്‌സയ്ക്ക് കിരീടം നഷ്ടമായത്. അവസാന മല്‍സരത്തില്‍ റയല്‍ മാഡ്രിഡിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ലീഗില്‍ നിന്ന് പുറത്തായ ലെഗനീസിനോട് 2-2 സമനിലയാണ് റയല്‍ നേരിട്ടത്. റയലിനും ബാഴ്‌സയ്ക്കും പുറമെ അത്‌ലറ്റിക്കോ മാഡ്രിഡും സെവിയ്യയുമാണ് അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയത്. അവസാന മല്‍സരത്തില്‍ അത്‌ലറ്റിക്കോ റയല്‍ സോസിഡാഡിനോട് 11 സമനില വഴങ്ങി. സെവിയ്യ വലന്‍സിയയെ ഒരു ഗോളിനും തോല്‍പ്പിച്ചു.

വിയ്യാറയലും റയല്‍ സോസിഡാഡുമാണ് യൂറോപ്പാ ലീഗിന് യോഗ്യത നേടിയത്. അവസാന മല്‍സരത്തില്‍ വിയ്യാറയല്‍ ഐബറിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. ഏഴാം സ്ഥാനത്തുള്ള ഗ്രാനാഡയ്ക്ക് യൂറോപ്പാ ലീഗ് പ്ലേ ഓഫ് കളിക്കാം. ഇന്നത്തെ മല്‍സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ ഗ്രനാഡ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. ലെഗനീസ്, മയ്യോര്‍ക്കാ, എസ്പാനിയോള്‍ എന്നിവരാണ് ലീഗില്‍ നിന്ന് പുറത്തായവര്‍. അടുത്ത സീസണില്‍ രണ്ടാം ഡിവിഷനിലെ ടോപ് മൂന്ന് ക്ലബ്ബുകള്‍ സ്പാനിഷ് ലീഗില്‍ കളിക്കും. സ്പാനിഷ് ലീഗിന്റെ പുതിയ സീസണ്‍ സെപ്തംബര്‍ പകുതിയോടെ തുടങ്ങും. 

Tags:    

Similar News