ബര്ഗര്കിങിലെ കൊലപാതകം: 19കാരിയായ 'ലേഡി ഡോണ്‍' അറസ്റ്റില്‍
ഗൊഹാനയിലെ മാതു റാം ഹല്‍വ ഷോപ്പില്‍ വെടിവയ്പ് നടത്തിയ സംഭവത്തിലും അന്നു പ്രതിയാണ്.
ന്യൂഡല്‍ഹി: വെസ്റ്റ് ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ ബര്‍ഗര്‍ കിംഗില്‍ നടന്ന കൊലപാതകത്തില്‍ ഒരു പെണ്‍കുട്ടി പിടിയില്‍. കുപ്രസിദ്ധ ഗുണ്ടാത്തലവന് ഹിമാന്‍ഷു ഭാവുവിന്റെ കൂട്ടാളിയായ ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന അന്നു ധങ്കര്‍ (19) ആണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ ഇന്ത്യ-നീപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചാണ് യുവതിയെ പിടികൂടിയത്.
2024 ജൂണ്‍ 18ന് ബര്‍ഗര്‍ കിങ് ഷോപ്പില്‍ വെച്ച് അമന് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ അന്നു ധങ്കര്‍ അന്നുമുതല്‍ ഒളിവിലായിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സ്പെഷ്യല്‍ സെല്‍) അമിത് കൗശിക് പറഞ്ഞു.
ജൂണ്‍ 18ന് കേസിലെ മറ്റു മൂന്ന് പ്രതികളും ബൈക്കില്‍ രജൗരി ഗാര്‍ഡനിലെ ബര്‍ഗര്‍ കിംഗ് ഔട്ട്ലെറ്റിലെത്തിയെന്നാണ് പോലിസ് പറയുന്നത്. ഇവരില്‍ ഒരാള്‍ പുറത്ത് നില്‍ക്കുകയും മറ്റു രണ്ടു പേര് അകത്ത് കയറി ഒരു സ്ത്രീയോടൊപ്പം ഇരിക്കുകയായിരുന്ന അമന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. അമന് സംഭവസ്ഥലത്തുതന്നെ മരിച്ചു.
അമനെ സോഷ്യല്‍മീഡിയയിലൂടെ വശീകരിച്ച് ബര്‍ഗര്‍ കിംഗിലെത്തിച്ചത് അന്നുവാണെന്നാണ് അന്വേഷണത്തില്‍ പോലിസ് കണ്ടെത്തിയത്. വെടിവയ്പ് സമയത്ത് അന്നുവാണ് അമന്റെ കൂടെ ഇരുന്നിരുന്നതെന്നും പോലിസ് കണ്ടെത്തി. കൊലക്ക് ശേഷം മുഖര്‍ജി നഗറിലെ മുറിയില്‍ തിരിച്ചെത്തിയ അന്നു ബാഗ് പാക്ക് ചെയ്ത് ശേഷം സ്ഥലം വിടുകയായിരുന്നു.
തുടര്‍ന്ന് നീപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് അന്നു പിടിയിലായത്. അമേരിക്കയില്‍ കുടിയേറാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്ന വാഗ്ദാനത്തിലാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്ന് അന്നു പോലിസിനെ അറിയിച്ചു. ഗൊഹാനയിലെ മാതു റാം ഹല്‍വ ഷോപ്പില്‍ വെടിവയ്പ് നടത്തിയ സംഭവത്തിലും അന്നു പ്രതിയാണ്.