ലക്ഷദ്വീപില്‍ വംശഹത്യയ്ക്ക് കളമൊരുക്കുന്നു; കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് എന്‍സിഎച്ച്ആര്‍ഒ
ദ്വീപിലെ ജനങ്ങളുടെ അടിസ്ഥാനപരമായ എല്ലാ അവകാശങ്ങളെയും ഇല്ലാതാക്കിക്കൊണ്ട് ഭരിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കേരള മുഖ്യമന്ത്രി ആവശ്യപ്പെടണം
കോഴിക്കോട്: നൂറ്റാണ്ടുകളായി കേരളവുമായി അഭേദ്യബന്ധമുള്ളതും മലയാളികള്‍ വസിക്കുന്നതുമായ ലക്ഷദ്വീപില്‍ കേന്ദ്ര ഭരണകൂടം വംശഹത്യയ്ക്കു കളമൊരുക്കുകയാണെന്നും വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ ആവശ്യപ്പെട്ടു. മുസ് ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീ പിനെ കഴിഞ്ഞ ഡിസംബറില്‍ അധികാരമേറ്റെടുത്ത അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ എന്ന സംഘപരിവാറുകാരന്‍ വിവിധ രീതിയില്‍ പീഡിപ്പിച്ചുവരികയാണ്. ഗോവധ നിരോധനം, സ്‌കൂളിലെ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കല്‍, മല്‍സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങള്‍ പൊളിച്ചു മാറ്റിയത് തുടങ്ങി ദ്വീപിലെ ഭീകരഭരണത്തെ എതിര്‍ക്കുന്നവരെ ഗുണ്ടാ ആക്റ്റില്‍ ഉള്‍പ്പെടുത്താനായി പുതിയ നിയമവും നിര്‍മ്മിച്ചു.
പൊതുവെ സമാധാനപ്രിയരും യാതൊരു ക്രമ സമാധാന പ്രശ്‌നങ്ങളും ഇല്ലാത്ത സ്ഥലവുമായ ലക്ഷദ്വീപില്‍ ഇപ്പോള്‍ ഭരണകൂട ഭീകരത നടമാടുകയാണ്. ഏറ്റവുമൊടുവില്‍ തുടര്‍ച്ചയായ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ദ്വീപിനെ പട്ടിണിയിലേക്ക് തള്ളിവിടുമ്പോള്‍ വാര്‍ത്തകള്‍ പുറത്തുവിടാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തി. ദ്വീപിന്റെ ബേപ്പൂരുമായുള്ള വാണിജ്യ ബന്ധം ഭരണകൂടം വിച്ഛേദിച്ചു. എല്ലാ തരത്തിലും ദ്വീപ് ജനതയെ പീഡിപ്പിക്കുകയും മനഃപൂര്‍വ്വം അസ്വസ്ഥതകളും പ്രകോപനവും സൃഷ്ടിച്ച് സംഘപരിവാര്‍ ഭരണകൂടം ഗുജറാത്തിലെ പോലെ ഒരു വംശഹത്യയ്ക്ക് കളമൊരുക്കുകയാണ്.
ദ്വീപിലെ ജനങ്ങളുടെ അടിസ്ഥാനപരമായ എല്ലാ അവകാശങ്ങളെയും ഇല്ലാതാക്കിക്കൊണ്ട് ഭരിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കേരള മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ദ്വീപ് നിവാസികളുടെ ജീവന്‍ രക്ഷിക്കണമെന്നും ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.