ലക്ഷദ്വീപ്: പ്രതിഷേധം ശക്തിപ്പെടുന്നു; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും കൂടുതല്‍ സുരക്ഷ
ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാനും കോര്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കാനും ഓണ്‍ലൈനായി ചേരുന്ന യോഗം നിരീക്ഷിക്കാനും അധികൃതര്‍ രഹസ്യനിര്‍ദേശം നല്‍കിയതായാണു സൂചന.
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാവുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും സുരക്ഷ ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. മാത്രമല്ല, സംശയകരമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ ഭരണകൂടത്തെ അറിയിക്കാനും ജനറല്‍ മാനേജരുടെ ഉത്തരവിലുണ്ടെന്നാണു വിവരം.
കേന്ദ്രസര്‍ക്കാരിന്റെയും അഡ്മിനിസ്‌ട്രേറ്ററുടെയും കലക്ടര്‍ അസ്ഗര്‍ അലിയുടെയും നടപടികള്‍ക്കെതിരേ ദ്വീപ് നിവാസികള്‍ ദിവസങ്ങളായി പ്രതിഷേധത്തിലാണ്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും നിരുപാധിക പിന്തുണ നല്‍കിയതോടെ ഓണ്‍ലൈനായും ഓഫ് ലൈനായും പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം ചേര്‍ന്ന് ഭരണകൂടത്തെ ബഹിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. പ്രതിഷേധ പരിപാടികള്‍ ചര്‍ച്ച ചെയ്യാനായി ഇന്ന് വീണ്ടും സര്‍വകക്ഷിയോഗം ചേരുന്നുണ്ട്. ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാനും കോര്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കാനും ഓണ്‍ലൈനായി ചേരുന്ന യോഗം നിരീക്ഷിക്കാനും അധികൃതര്‍ രഹസ്യനിര്‍ദേശം നല്‍കിയതായാണു സൂചന.
അതിനിടെ, അഡ്മിനിസ്‌ട്രേറ്റര്‍ക്കും കലക്ടര്‍ക്കുമെതിരേ കവരത്തി വില്ലേജ് പഞ്ചായത്ത് പ്രമേയം പാസാക്കി. ലക്ഷദ്വീപിനെ ലഹരി ഉപയോഗത്തിന്റെ കേന്ദ്രമാക്കി ചിത്രീകരിച്ചു എന്നാരോപിച്ചാണ് കലക്ടര്‍ അസ്ഗര്‍ അലിക്കെതിരേ പ്രമേയം പാസാക്കിയത്. ആദ്യമായാണ് ലക്ഷദ്വീപിലെ ഒരു പഞ്ചായത്ത് വിഷയത്തില്‍ പ്രമേയം പാസാക്കുന്നത്. കഴിഞ്ഞ ദിവസം കില്‍ത്താന്‍ ദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചതിനു അറസ്റ്റിലായ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവര്‍ക്കെതിരേ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം, ക്രിമിനല്‍ ഗൂഢാലോചന, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സിപിഎം എംപിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വീടുകളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കും കലക്ടര്‍ക്കുമെതിരേ വീട്ടമ്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്ലക്കാര്‍ഡുകളേന്തി നടത്തിയ പ്രതിഷേധം തുടരുകയാണ്.
Lakshadweep: Protests intensify; More security for government agencies and ships