പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ഇതാണ്; സോണിയ ഗാന്ധിക്ക് സിദ്ദുവിന്റെ കത്ത്
ഉയര്‍ത്തെഴുനേല്‍പ്പിനും തെറ്റുതിരുത്തുന്നതിനുമുള്ള പഞ്ചാബിന്റെ അവസാനത്തെ അവസരം എന്നാണ് സിദ്ദു ഇതിനെ വിശേഷിപ്പിച്ചത്.
അമൃത്സര്‍: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിനായി 13 വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സമയം ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് നവജോത് സിങ് സിദ്ദു. ഉയര്‍ത്തെഴുനേല്‍പ്പിനും തെറ്റുതിരുത്തുന്നതിനുമുള്ള പഞ്ചാബിന്റെ അവസാനത്തെ അവസരം എന്നാണ് സിദ്ദു ഇതിനെ വിശേഷിപ്പിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മുന്‍ഗണനാ മേഖലകള്‍ വ്യക്തമാക്കിക്കൊണ്ടാണ് സിദ്ദുവിന്റെ കത്ത്.
സംസ്ഥാനത്തെ കൃഷി, വൈദ്യുതി, എസ്‌സി വിഭാഗങ്ങളടക്കമുള്ള പിന്നാക്ക ജാതികളില്‍പ്പെട്ടവരുടെ ഉന്നമനം, മയക്കുമരുന്ന് കേസുകള്‍, തൊഴില്‍, മണല്‍ ഖനനം എന്നീ വിഷയങ്ങളെ കുറിച്ചാണ് സിദ്ദു കത്തില്‍ സംസാരിക്കുന്നത്.
ലഹരി മാഫിയകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വമ്പന്‍ സ്രാവുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം. അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക കരി നിയമങ്ങളെ പഞ്ചാബ് സര്‍ക്കാര്‍ തള്ളിക്കളയണമെന്നും ഒരു കാരണവശാലും അവ നടപ്പാക്കില്ലെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്തെ മാഫിയ രാജ് പഞ്ചാബിനെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കും കാര്‍ഷികരംഗത്തെ പ്രതിസന്ധിയിലേക്കും അഴിമതിയിലേക്കും നയിക്കുമെന്നും അത് സംഭവിച്ചാല്‍ സംസ്ഥാനത്തിന് പിന്നീട് കരകയറാന്‍ സാധിക്കില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും സിദ്ദു പറഞ്ഞു.
ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കെ സി വേണുഗോപാലിനേയും കണ്ടതിന് ശേഷമാണ് സിദ്ദു കത്ത് ടിറ്റ്വറില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയും സിദ്ദു പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ, പ്രിയങ്ക, രാഹുല്‍ എന്നിവരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ എന്ത് തീരുമാനമെടുത്താലും അത് കോണ്‍ഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കുമെന്നും അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും സിദ്ദു പറഞ്ഞിരുന്നു.
അമരീന്ദര്‍ സിങിനെ നീക്കിയതിന് ശേഷം ചരന്‍ജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനസ്സംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞ മാസം നവജോത് സിങ് സിദ്ദു, പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ദുവിന്റെ രാജി സ്വീകരിച്ചിരുന്നില്ല.