ബാബ സിദ്ദീഖിയുടെ കൊലക്ക് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന്

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധം സൂക്ഷിച്ചതിനാണ് ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയതെന്നാണ് അനുമാനം

Update: 2024-10-13 02:21 GMT

മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രി ബാബ സിദ്ദീഖിയെ വെടിവെച്ചു കൊന്നവര്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ക്രിമിനല്‍ സംഘത്തില്‍ പെട്ടവരെന്ന് സൂചന. കേസില്‍ അറസ്റ്റ് ചെയ്ത ഹരിയാന സ്വദേശി കര്‍ണൈല്‍ സിങ്, ഉത്തര്‍പ്രദേശ് സ്വദേശി ധരംരാജ് കാശ്യപ് എന്നിവര്‍ ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് പോലിസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഒരാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധം സൂക്ഷിച്ചതിനാണ് ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയതെന്നാണ് അനുമാനം. ഹിന്ദു മതത്തിലെ ബിഷ്‌ണോയ് വിഭാഗക്കാരുടെ ആരാധനാ രീതികളില്‍ കൃഷ്ണമൃഗത്തിന് വലിയ പ്രാധാന്യമുണ്ട്. സല്‍മാന്‍ ഖാനെ വകവരുത്തുമെന്ന് സംഘം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വധഭീഷണിയെ തുടര്‍ന്ന് അടുത്തിടെ ബാബാ സിദ്ദീഖിയുടെ സുരക്ഷ വൈ-പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയിരുന്നു. സല്‍മാന്‍ ഖാന്റെ സുഹൃത്തുക്കളെ ശത്രുവായി മാത്രമേ കാണൂയെന്ന ലോറന്‍സ് ബിഷ്‌ണോയുടെ അടുത്തസുഹൃത്തായ രോഹിത് ഗൊദാരയുടെ പ്രസതാവനയും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായി. നിരവധി കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്‌ണോയ് ഇപ്പോള്‍ സബര്‍മതി ജയിലില്‍ തടവില്‍ കഴിയുകയാണ്. അതിനാല്‍ ഗുജറാത്ത് പോലിസും ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലും കേസില്‍ ഇടപെടുന്നുണ്ട്.

Tags:    

Similar News