ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് 600ലേറെ അഭിഭാഷകരുടെ കത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറിയെ നിക്ഷിപ്ത താല്‍പര്യക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചീഫ് ജസ്റ്റിസിന് 600ലേറെ അഭിഭാഷകരുടെ കത്ത്. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, പിങ്കി ആനന്ദ് ഉള്‍പ്പെടെ ഇന്ത്യയിലെ 600ലധികം അഭിഭാഷകരാണ് ആശങ്കകള്‍ അറിയിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചത്. രാഷ്ട്രീയ നേതാക്കളും അഴിമതി ആരോപണങ്ങളും ഉള്‍പ്പെടുന്ന കേസുകളില്‍ നീതിപീഠത്തിന്റെ വിധി പോലും സ്വാധീനിക്കുപ്പെടുന്നുണ്ട്. ഇത്തരം നടപടികള്‍ ജനാധിപത്യ ഘടനയ്ക്കും ജുഡീഷ്യല്‍ പ്രക്രിയകളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിനും കടുത്ത ഭീഷണിയാണ്. കോടതികളിലുള്ള പൊതുജനവിശ്വാസം തകര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജുഡീഷ്യറിയുടെ സുവര്‍ണ കാലഘട്ടത്തെക്കുറിച്ച് തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാര്‍ അവരുടെ രാഷ്ട്രീയ അജണ്ടയെ അടിസ്ഥാനമാക്കിയുള്ള സെലക്റ്റീവ് വിമര്‍ശനങ്ങളാണ് നടത്തുന്നത്. ചില അഭിഭാഷകര്‍ രാഷ്ട്രീയക്കാരെ സംരക്ഷിക്കുകയും രാത്രിയില്‍ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കാണുന്നത് വിഷമകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാഷ്ട്രീയക്കാര്‍ ഒരാളെ അഴിമതി ആരോപിച്ച് കോടതിക്കുള്ളില്‍ എത്തിക്കുന്നതും വാദിക്കുന്നതും വിചിത്രമാണ്. കോടതി വിധി അവര്‍ കരുതുന്നത് പോലെ പോവുന്നില്ലെങ്കില്‍, കോടതിക്കുള്ളിലും മാധ്യമങ്ങളിലൂടെയും കോടതിയെ വിമര്‍ശിക്കുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇത്തരം സംഭവവികാസങ്ങള്‍ നടക്കുന്നത്. ചില ഘടകങ്ങള്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ കേസുകളില്‍ പ്രത്യേക രീതിയില്‍ തീരുമാനമെടുക്കാന്‍ ജഡ്ജിമാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാമൂഹികമാധ്യമങ്ങളില്‍ നുണ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകര്‍ ആരോപിച്ചു. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ കോടതികളെ ഇകഴ്ത്താനും കൈകാര്യം ചെയ്യാനുമുള്ള ഇത്തരം ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാനാവില്ല. ശക്തമായി നിലകൊള്ളാനും ഈ ആക്രമണങ്ങളില്‍ നിന്ന് നമ്മുടെ കോടതികളെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കാനും ഞങ്ങള്‍ സുപ്രിം കോടതിയോട് അഭ്യര്‍ഥിക്കുന്നുവെന്ന വരികളോടെയാണ് കത്ത് അവസാനിക്കുന്നത്.