നേതാക്കള്‍ ബിജെപിയിലേക്ക് കൂറുമാറി; ഹിമാചല്‍ പ്രദേശില്‍ പ്രവര്‍ത്തക സമിതി പിരിച്ചു വിട്ട് ആംആദ്മി

ആം ആദ്മി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയിനാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Update: 2022-04-12 08:54 GMT

ന്യൂഡല്‍ഹി: പഞ്ചാബില്‍ വിജയക്കൊടി പാറിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി. ഹിമാചല്‍ പ്രദേശിലാണ് തിരിച്ചടി നേരിടേണ്ടി വന്നത്. ഹിമാചലിലെ നിരവധി പാര്‍ട്ടി നേതാക്കള്‍ ബിജെപിയിലേക്ക് ഇതിനോടകം തന്നെ കൂറുമാറി. തുടര്‍ന്ന് സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടു.

ആം ആദ്മി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയിനാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പിന് വേണ്ടി പുതിയ പ്രവര്‍ത്തക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂറും രംഗത്തെത്തിയിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ കെണിയില്‍ ഹിമാചലിലെ മലകളും ജനങ്ങളും വീഴില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബില്‍ നേടിയത് തന്നെ ഹിമാചലിലും നേടാമെന്ന് സ്വപ്‌നം കാണുന്ന കെജ്‌രിവാള്‍ തന്റെ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

30 വര്‍ഷം കോണ്‍ഗ്രസും 17 വര്‍ഷം ബിജെപിയും ഹിമാചലില്‍ ഭരിച്ചു. എന്നാല്‍ അവര്‍ സംസ്ഥാനത്ത് കൊള്ളനടത്തുക മാത്രമാണ് ചെയ്തത്. അഞ്ച് വര്‍ഷം ആം ആദ്മിക്ക് നല്‍കിയാല്‍ നല്ല ഭരണം കാഴ്ചവെക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഈ വര്‍ഷം അവസാനമാണ് ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Similar News