പുല്ലൂക്കരയിലെ ലീഗ് പ്രവര്‍ത്തകന്റെ കൊല: മരണകാരണം ബോംബേറിലെ പരിക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
കണ്ണൂര്‍: കൂത്തുപറമ്പിനു സമീപം പുല്ലൂക്കരയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ബോംബേറിനെ തുടര്‍ന്നുണ്ടായ പരിക്ക് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കോഴിക്കോട് നിന്ന് കൂത്തുപറമ്പിലേക്ക് കൊണ്ടുപോയി. മരണ കാരണമായ ഗുരുതര മുറിവ് ബോംബേറില്‍ ഉണ്ടായതാണെന്നും രക്തം വാര്‍ന്നൊഴുകിയാണ് മരണം സംഭവിച്ചതെന്നുമാണ് റിപോര്‍ട്ടിലുള്ളത്.
തിരഞ്ഞെടുപ്പ് ദിവസം രാത്രി എട്ടോടെയാണ് പാനൂരിനു സമീപം പുല്ലൂക്കരയില്‍ ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്. ഓപണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വീടിന് മുന്നില്‍വച്ച് ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികില്‍സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ്
മന്‍സൂര്‍ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകനും മന്‍സൂറിന്റെ അയല്‍വാസിയുമായ ഷിനോസിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.