താനൂര്‍ ലീഗ് പ്രവര്‍ത്തകന്റെ കൊല: പ്രതികളെ കുറിച്ച് സൂചന; ആസൂത്രിതമെന്ന് ലീഗ്

ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയ ഇദ്ദേഹത്തിന്റെ സഹോദരന്റ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. മൂന്ന് പേര് അടങ്ങുന്ന സംഘം വെട്ടിയ ശേഷം പള്ളി ഖബര്‍സ്ഥാനിലൂടെ ഓടി പോവുകയായിരുന്നത്രെ.

Update: 2019-10-25 08:32 GMT

പരപ്പനങ്ങാടി: താനൂര്‍ അഞ്ചുടിയില്‍ മുസ്‌ലിംം ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖ്(35) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പറ്റി സൂചന ലഭിച്ചു. ഇന്നലെ രാത്രി 8 മണിയോടെ നമസ്‌ക്കാരത്തിനായി പള്ളിയിലേക്ക് പോകവെയാണ് ഇസ്ഹാഖ് ആക്രമിക്കപ്പെട്ടത്. സ്വന്തം വീട്ടിന്റെ പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്. ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയ ഇദ്ദേഹത്തിന്റെ സഹോദരന്റ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. മൂന്ന് പേര് അടങ്ങുന്ന സംഘം വെട്ടിയ ശേഷം പള്ളി ഖബര്‍സ്ഥാനിലൂടെ ഓടി പോവുകയായിരുന്നത്രെ.

സിപിഎം പ്രവര്‍ത്തകരായ ഇവരുടെ പേരുകള്‍ പോലിസിന് നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ നിരവധി മുറിവുകളാണുള്ളത്. ലോക് തിരഞ്ഞെടുപ്പ് ഫലം വന്ന സമയം ഇസ്ഹാഖിന്റെ വീടിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയ പരാതിയില്‍ ഭാര്യ ആരിഫ താനൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് നിലവില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളാണ്. ഇത്തരം വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്ന നിഗമനത്തിലാണ് പോലിസ്. അഞ്ചുടി പ്രദേശത്തുള്ളവര്‍ തന്നെയാണ് അക്രമികളെന്നാണ് പറയപ്പെടുന്നത്. സംഭവം നടക്കുന്ന സമയം വൈദ്യുതി വിച്ചേദിച്ചത് ആസൂത്രിതമാണന്നാണ് വിലയിരുത്തല്‍. കൊലപാതകത്തെ തുടര്‍ന്ന് തീരദേശ ഭാഗങ്ങള്‍ മുഴുവന്‍ ശക്തമായ പോലിസ് ബന്തവസ്സാണ്.

തീരദേശ അസംബ്ലി മണ്ഡലങ്ങളില്‍ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ തുടരുകയാണ്. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞും വ്യാപാര സ്ഥാപനങള്‍ അടപ്പിച്ചും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയിലുള്ള മൃദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ അഞ്ചുടി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

അതിനിടെ കൊലപാതകം ആസുത്രിതമായി നടപ്പിലാക്കിയതാണ് ലീഗ് നേതൃത്വം ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ സിപിഎം കൗണ്‍സിലറെ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം ഇരു നേതാക്കള്‍ ഇടപെട്ട് പറഞ്ഞ് തീര്‍ത്തെങ്കിലും അടിത്തട്ടില്‍ സമാധാനം വന്നില്ലെന്നാണ് കൊലപാതകത്തോടെ വെളിവായതെന്ന് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പെ സിപിഎമ്മിന്റെ കണ്ണൂരിലെ സംസ്ഥാന നേതാവ് പ്രവര്‍ത്തകയോഗത്തില്‍ പങ്കെടുത്തന്നും ഇതിന് ശേഷമാണ് ഇസ്ഹാഖിന്റെ കൊല നടന്നതെന്നും ഇതാണ് ആസൂത്രിതമാണന്ന് ലീഗ് നേതാക്കള്‍ ആരോപിക്കുന്നത്.

പരേതനായ സൈതലവിയുടേയും, കുഞ്ഞിമോളിന്റെയും മകനാണ് ഇസ്ഹാഖ് ഭാര്യ: ആരിഫ മക്കളില്ല. സഹോദരങ്ങള്‍: നൗഫല്‍, സുഹറാബി, സുമയ്യ.

Tags:    

Similar News