ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം; അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ രാജിവച്ചു

Update: 2021-01-18 16:51 GMT

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അഴീക്കോട് മണ്ഡലം യുഡിഎഫില്‍ പൊട്ടിത്തെറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വളപട്ടണം പഞ്ചായത്തിലെ കോണ്‍ഗ്രസ് തോല്‍വിയാണ് പോരിനു കാരണം. ഇതേത്തുടര്‍ന്ന് യുഡിഎഫ് അഴീക്കോട് നിയോജക മണ്ഡലം കണ്‍വീനര്‍ ബിജു ഉമ്മര്‍ രാജിവച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വളപട്ടണം പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ലീഗ് ശ്രമിച്ചെന്ന് ആരോപിച്ചാണ് രാജി. ലീഗിനു സ്വാധീനമില്ലാത്ത വാര്‍ഡുകളില്‍ പോലും സ്ഥാനാര്‍ഥികളെ നിര്‍ത്തി മുസ്‌ലിം ലീഗ് ബിജെപിയെ സഹായിച്ചെന്നും ബിജു ഉമ്മര്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    മണ്ഡലത്തില്‍ കുറച്ചുകാലമായി ലീഗും കോണ്‍ഗ്രസും തമ്മില്‍ പോര് നിലനില്‍ക്കുന്നുണ്ട്. കെ എം ഷാജി രണ്ടുതവണ ജയിച്ച അഴീക്കോട് മണ്ഡലത്തില്‍ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമെന്നാണു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. പ്രാദേശിക പ്രശ്‌നങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍ ബാധിക്കാനിടയുണ്ടെന്നും നേതാക്കള്‍ക്കിടയില്‍ സംശയമുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് മണ്ഡലം പ്രസിഡന്റ് ബിജു ഉമ്മറിന്റെ രാജിയെന്നും സംശയമുണ്ട്. സാമുദായിക വികാരം ഉണര്‍ത്തുന്ന പോസ്റ്റര്‍ പ്രചാരണം നടത്തിയതിനു ഹൈക്കോടതി കെ എം ഷാജിയുടെ നിയമസഭാംഗത്വത്തിനു അയോഗ്യത കല്‍പ്പിച്ചിരിക്കുകയാണ്. മാത്രമല്ല, കെ എം ഷാജിയുടെ പ്ലസ് ടു കോഴ ആരോപണവും വീട് നിര്‍മാണവും വിവാദമായതും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണു കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സീറ്റ് വച്ച് മാറാന്‍ ലീഗ് ശ്രമം നടത്തുന്നുണ്ട്. യുഡിഎഫ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ലീഗ് ആവശ്യപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്.

League-Congress dispute; Azhikode constituency UDF convener resigns

Tags:    

Similar News