വയനാട് വെള്ളമുണ്ടയില്‍ ലീഗ് നേരിട്ടത് ചരിത്ര തോല്‍വി; കുറ്റിപ്പുറം പരാജയത്തിന് സമാനം വെള്ളമുണ്ടയിലെ പതനം
21 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ വര്‍ഷങ്ങളായി പകുതിയിലധികം സീറ്റുകള്‍ കൈവശം വച്ചു വന്ന മുസ്ലിം ലീഗിന് ഇത്തവണ ഉറച്ച സീറ്റുകള്‍ ഒന്നടങ്കമാണ് നഷ്ടപ്പെട്ടത്.
പി സി അബ്ദുല്ല
കല്‍പറ്റ: മുസ്ലിം ലീഗിന്റെ വത്തിക്കാനെന്നറിയപ്പെടുന്ന വയനാട് വെള്ളമുണ്ടയില്‍ ഗ്രാമപ്പഞ്ചായത്തിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലും യുഡിഎഫ് നേരിട്ടത് സമാനതയില്ലാത്ത തോല്‍വി. 21 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ വര്‍ഷങ്ങളായി പകുതിയിലധികം സീറ്റുകള്‍ കൈവശം വച്ചു വന്ന മുസ്ലിം ലീഗിന് ഇത്തവണ ഉറച്ച സീറ്റുകള്‍ ഒന്നടങ്കമാണ് നഷ്ടപ്പെട്ടത്. ഗ്രാമപ്പഞ്ചായത്തില്‍ 11 സീറ്റുകളുണ്ടായിരുന്നത് അഞ്ചായി ചുരുങ്ങി എന്നതില്‍ തീരുന്നില്ല ലീഗിന്റെ ആഘാതം. മറ്റു പാര്‍ട്ടികള്‍ക്ക് ഇതേവരെ കടന്നു ചെല്ലാന്‍ കഴിയാതിരുന്ന മുസ്‌ലിം കേന്ദ്രീകൃത വാര്‍ഡുകളിലാണ് ഇത്തവണ ലീഗ് പാടെ കടപുഴകിയത്.
പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന എട്ടേ നാല്‍, വെള്ളമുണ്ട,പഴഞ്ചന,തരുവണ,കണ്ടത്തു വയല്‍ വാര്‍ഡുകളിലെ ലീഗ് സ്ഥാനാര്‍തികളുടെ തോല്‍വി കുറ്റിപ്പുറത്തെ കുഞ്ഞാലിക്കുട്ടിയുടെ തോല്‍വിക്ക് സമാനമാണ്. ലീഗ് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ഈ വാര്‍ഡുകളില്‍ അനായാസം വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ഇത്തവണ തകര്‍ന്നടിഞ്ഞത്. പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുള്ള വാരാമ്പറ്റ, പുളിഞ്ഞാല്‍ വാര്‍ഡുകളില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണെങ്കിലും അതിന്റെ ആഘാതം ലീഗിനാണ്.
ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനില്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും പുറത്തു നിന്നുള്ള നേതാക്കളെ അടിച്ചേല്‍പിച്ച് വിജയം കൊയ്യുന്ന ലീഗ് തന്ത്രവും ഇത്തവണ പിഴച്ചു. വെള്ളമുണ്ടക്കാരനായ ജനതാ ദള്‍ എസിലെ ജുനൈദ് കൈപ്പാണിയോടാണ് പ്രമുഖ ലീഗ് നേതാവ് പി കെ അസ്മത്ത് പരാജയപ്പെട്ടത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കണ്ടു വച്ച നേതാവായിരുന്നു പഞ്ചായത്തിന് പുറത്തു നിന്നുള്ള അസ്മത്ത്.
വെള്ളമുണ്ടയില്‍ ലീഗിന്റെ പച്ചപ്പതാക പാതാളത്തോളം താഴുമ്പോള്‍ ഒട്ടേറെ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വീകാര്യതയും ജനകീയ മുഖവുമുള്ള നേതാക്കളുടെ അഭാവമാണ് പ്രധാനം. പഞ്ചായത്തില്‍ പാര്‍ട്ടി നേതൃത്വം ചില ഉപജാപകരുടെ വിരല്‍ തുമ്പിലാണെന്ന ആക്ഷേപം ശക്തമാണ്. നേതാക്കള്‍ക്കിടയിലെ കിടമല്‍സരങ്ങളും വിഭാഗീയതയും വികസന മുരടിപ്പും വെള്ളമുണ്ടയില്‍ ലീഗിന്റെ പതനത്തിന് ആക്കം കൂട്ടി. വയനാട് ജില്ലയില്‍ യുഡിഎഫ് പൊതുവെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. വെള്ളമുണ്ടയില്‍ മാത്രമാണ് കനത്ത തിരിച്ചടി.
പഞ്ചായത്തിലെ വിജയികള്‍ഃ
വാര്‍ഡ് ഒന്ന് കണ്ടത്തുവയല്‍ – എല്‍ഡിഎഫ്. – സല്‍മത്ത് ഇ കെ (574) രണ്ട് – വെള്ളമുണ്ട പത്താംമൈല്‍ – എല്‍.ഡി.എഫ്. പി. രാധ (501) മൂന്ന് – പഴഞ്ചന – സ്വതന്ത്ര – സഫീല ഫടയന്‍ (433) നാല് – മടത്തും കുനി – എല്‍. ഡി.എഫ്. വിജേഷ് പുല്ലോറ (528) അഞ്ച് – വെള്ളമുണ്ട സിറ്റി – എല്‍.ഡി.എഫ്, സ്വതന്ത്രന്‍ – ജംഷീര്‍ കുനിങ്ങാരത്ത്. (727 ) ആറ് കടയാട് – എല്‍.ഡി.എഫ്. അബ്ദുള്ള കണിയാങ്കണ്ടി ( 492) ഏഴ് – കോക്കടവ് – എല്‍.ഡി.എഫ്. – മേരി സ്മിത ജോയി. (321) എട്ട് – തരുവണ – എല്‍.ഡി.എഫ് – സീനത്ത് വൈശ്യന്‍ – ( 581 ) ഒമ്പത് – പീച്ചം കോട് – യു ഡി.എഫ്. സൗദ നൗഷാദ് ( 527) പത്ത് – കെല്ലൂര്‍ യു.ഡി.എഫ്. റംല മുഹമ്മദ് – (722 ) പതിനൊന്ന് കൊമ്മയാട് – എല്‍.ഡി എഫ്. തോമസ് (667) പന്ത്രണ്ട് കരിങ്ങാരി – എല്‍.ഡി.എഫ് സി.വി. രമേശന്‍ (472) പതിമൂന്ന് മഴുവന്നൂര്‍ യു.ഡി.എഫ് കെ.കെ.സി. മൈമൂന (618 ) പതിനാല് പാലിയാണ എല്‍.ഡി.എഫ്. സുധി രാധാകൃഷ്ണന്‍ (509) പതിനഞ്ച് പുലിക്കാട് യു.ഡി.എഫ്. നിസാര്‍ കൊടക്കാട് (636) പതിനാറ് ചെറുകര യു .ഡി.എഫ്. അമ്മദ് കൊടു വേരി – (472) പതിനേഴ് ഒഴുക്കന്‍ മൂല യു.ഡി.എഫ്. എം.ലതിക (379) പതിനെട്ട് മൊതക്കര എല്‍.ഡി.എഫ്. സി.എം. അനില്‍കുമാര്‍ (602) പത്തൊന്‍മ്പത് വാരമ്പറ്റ എല്‍.ഡി.എഫ് പി.എ., അസീസ് (836) ഇരുപത് നാരേക്കടവ് എല്‍.ഡി. എഫ്. ശാരദ അത്തിമുറ്റം (486) ഇരുപത്തിയൊന്ന് പുളിഞ്ഞാല്‍ യു.ഡി.എഫ്. ഷൈജി ഷിബു (466).