കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ മുസ് ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈനലിയുടെ നടപടി തെറ്റായിപ്പോയെന്ന് മുസ് ലിം ലീഗ് അടിയന്തിര ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായും മുഈന്‍ അലിക്കെതിരായ നടപടി ഹൈദരലി ശിഹാബ് തങ്ങളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുഈനലി ശിഹാബ് തങ്ങള്‍ പങ്കെടുത്തത് തെറ്റായിപ്പോയി. ഒറ്റയ്ക്ക് ഒറ്റയ്ക്ക് അഭിപ്രായം പറയുന്ന പാരമ്പര്യം പാണക്കാട് കുടുംബത്തിനില്ല. ഈ കീഴ്‌വഴക്കം മുഈനലി തെറ്റിച്ചു. ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഉന്നതാധികാര സമിതി യോഗത്തിലെ ചര്‍ച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിക്കും. അദ്ദേഹവുമായി ആലോചിച്ച് മാത്രമേ മുഈനലിക്കെതിരായ തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നടപടി ഒഴിവാക്കാന്‍ പാണക്കാട് കുടുംബം മുഈനലിക്ക് മുന്നില്‍ നിര്‍ദേശം വച്ചതായാണ് വിവരം. തെറ്റ് അംഗീകരിച്ച് രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്നും പാണക്കാട് കുടുംബത്തിന്റെ പരമ്പര്യത്തിനും രീതിക്കും എതിരായ നിലയില്‍ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശം നല്‍കിയതായാണു സൂചന. വിഷയത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാവുമെന്നാണു വിവരം. അതിനിടെ, പാണക്കാട് കുടുംബത്തിന്റെ മേസ്ത്രിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് കെ ടി ജലീലിനെ ഉദ്ദേശിച്ച് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗിന്റെ നയപരമായ കാര്യങ്ങള്‍ പറയാന്‍ കെ ടി ജലീലിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിനെതിരേ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും പാര്‍ച്ചിയില്‍ വിഭാഗീയതയില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
നേരത്തേ പരസ്യവിമര്‍ശനമുയര്‍ത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരേ നടപടി വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ ഇടപെടലാണ് പെട്ടെന്ന് ശക്തമായ നടപടി വേണ്ടെന്നു തീരുമാനിക്കാന്‍ കാരണം.League's high-power committee has decided not to take action against Mueen Ali