ബംഗാളിൽ സിപിഎം അനുഭാവികൾ ബിജെപിക്ക് വോട്ട് ചെയ്തെന്ന് സീതാറാം യെച്ചൂരി
സിപിഎം അനുഭാവികൾ കൂട്ടമായി ബിജെപിക്ക് വോട്ട് ചെയ്തെന്ന് ഏതെങ്കിലും സിപിഎം നേതാവ് സമ്മതിക്കുന്നത് ഇതാദ്യമായാണ്. ഇക്കുറി തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ 39 ഇടത്തും ഇടത് സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് നഷ്ടമായിരുന്നു.
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎം അനുഭാവികൾ ബിജെപിക്ക് വോട്ട് ചെയ്തെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം അനുഭാവികൾ കൂട്ടമായി ബിജെപിക്ക് വോട്ട് ചെയ്തെന്ന് ഏതെങ്കിലും സിപിഎം നേതാവ് സമ്മതിക്കുന്നത് ഇതാദ്യമായാണ്. ഇക്കുറി തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ 39 ഇടത്തും ഇടത് സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് നഷ്ടമായിരുന്നു.
തൃണമൂൽ കോൺഗ്രസ്സിൽ നിന്നേറ്റ അടിച്ചമർത്തലും ഭീകരതയും മറികടക്കുക മാത്രമായിരുന്നു വോട്ടർമാരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ വിളിച്ചുചേർത്ത സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു യെച്ചൂരി. എന്നാൽ സംസ്ഥാനത്തെ പാർട്ടി അംഗങ്ങളിലാരും ബിജെപിക്ക് വോട്ട് ചെയ്തില്ലെന്നും അനുഭാവികൾ മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൻറെ സമയത്ത് നാല് തവണ സംസ്ഥാനത്ത് എത്തിയ താൻ പാർട്ടി പ്രവർത്തകർ, "ഇക്കുറി രാമന് വോട്ട്, അടുത്ത തവണ ഇടതിന്," എന്ന മുദ്രാവാക്യം വിളിച്ചത് കേട്ടിരുന്നുവെന്നും പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യം യാഥാർത്ഥ്യമാകാത്തതല്ല തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.