ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യയ്ക്കു ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് ലഭിച്ചപ്പോള്‍ നായകനായിരുന്നു കപില്‍ ദേവിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായാണു റിപോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാധ്യമപ്രവര്‍ത്തക ടീനാ താക്കര്‍ ട്വിറ്ററില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 'പ്രശസ്ത ക്രിക്കറ്റ് താരം കപില്‍ ദേവിന് ഹൃദയാഘാതം, ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ' എന്നായിരുന്നു ടീന ഠാക്കൂറിന്റെ ട്വീറ്റ്.
ഇന്ത്യയ്ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് കപില്‍ ദേവ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഇദ്ദേഹം ഒരു ദശകത്തിലേറെക്കാലം ഇന്ത്യയെ പ്രതിനിധീകരിച്ചു. 1978 ഒക്ടോബര്‍ ഒന്നിനു ക്വറ്റയില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ആ മാസം അവസാനം ഫൈസലാബാദില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 131 ടെസ്റ്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 5,248 റണ്‍സും 434 വിക്കറ്റുകളും നേടി. 225 ഏകദിനങ്ങളില്‍ 3,783 റണ്‍സും 253 വിക്കറ്റുകളും നേടി. 1983 ല്‍ ഇന്ത്യയെ അവരുടെ ആദ്യത്തെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചപ്പോള്‍ കളിയിലെ ഏറ്റവും മികച്ച നിമിഷം കപില്‍ദേവിന്റെ വകയായിരുന്നു.
ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ നടന്ന ഫൈനലില്‍ ഇന്ത്യ ശക്തരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചപ്പോള്‍ കപില്‍ ദേവാണ് മുന്നില്‍ നിന്ന് നയിച്ചത്. 1994 ല്‍ കളിയില്‍ നിന്ന് വിരമിച്ച ശേഷം ഇന്ത്യന്‍ ഹെഡ് കോച്ചായി സേവനമനുഷ്ഠിച്ചു. 1999ല്‍ ടീമിന്റെ ചുമതല ഏറ്റെടുത്തെങ്കിലും നിരാശപ്പെടുത്തി.
Legendary Kapil Dev Hospitalised After Suffering Heart Attack