ബിസിസിഐ ഉപദേശക സമിതി അധ്യക്ഷസ്ഥാനം കപില്‍ ദേവ് രാജിവച്ചു

മൂന്നംഗ ഉപദേശക സമിതിയിലെ അംഗങ്ങളിലൊരാളായ ശാന്താരംഗസ്വാമി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. രാജിക്ക് കാരണമെന്താണെന്ന് കപില്‍ ദേവ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സുപ്രിംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ സമിതിയെ അദ്ദേഹം ഇ- മെയിലൂടെ തന്റെ തീരുമാനം അറിയിച്ചിട്ടുണ്ട്.

Update: 2019-10-02 06:26 GMT

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന കപില്‍ ദേവ് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അധ്യക്ഷസ്ഥാനം രാജിവച്ചു. മൂന്നംഗ ഉപദേശക സമിതിയിലെ അംഗങ്ങളിലൊരാളായ ശാന്താരംഗസ്വാമി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. രാജിക്ക് കാരണമെന്താണെന്ന് കപില്‍ ദേവ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സുപ്രിംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ സമിതിയെ അദ്ദേഹം ഇ- മെയിലൂടെ തന്റെ തീരുമാനം അറിയിച്ചിട്ടുണ്ട്.

ഭിന്നതാല്‍പര്യ ആരോപണമുന്നയിച്ച് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഗുപ്ത നല്‍കിയ പരാതിയില്‍ ബിസിസിഐ എത്തിക്‌സ് ഓഫിസര്‍ റിട്ടയര്‍ഡ് ജസ്റ്റിസ് ഡി കെ ജയിന്‍ ഉപേദേശക സമിതിയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് രണ്ട് അംഗങ്ങള്‍ രാജിവച്ചിരിക്കുന്നത്. ഒക്ടോബര്‍ 10ന് മുമ്പ് വിഷയത്തില്‍ മറുപടി നല്‍കണമെന്നായിരുന്നു ആവശ്യം. സമിതിയംഗത്വത്തിനു പുറമെ ബിസിസിഐയില്‍ മറ്റു സ്ഥാനങ്ങളും ഇവര്‍ വഹിക്കുന്നുണ്ടെന്നായിരുന്നു പരാതി. കമന്‍ഡേറ്റര്‍, ഫഌഡ് ലൈറ്റ് കമ്പനിയുടെ ഉടമ, ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ സ്റ്റിയറിങ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ കപില്‍ ദേവ് വഹിക്കുന്നുണ്ട്.

സമിതിയിലെ മറ്റ് അംഗങ്ങളും ഒന്നില്‍ക്കൂടുതല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെന്നും ഗുപ്ത നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 2019 ജൂലൈ മാസത്തിലാണ് കപിലിനെ ഉപദേശക സമിതിയുടെ തലവനായി നിയമിക്കുന്നത്. കപില്‍ദേവ്, അന്‍ശുമാന്‍ ഗെയ്ക്‌വാദ്, ശാന്താരംഗസ്വാമി എന്നിവരുടെ മൂന്നംഗ സമിതിയാണ് രവി ശാസ്ത്രിയെ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി വീണ്ടും നിയമിച്ചത്. സമിതിയംഗങ്ങള്‍ ഭിന്നതാല്‍പര്യ വിഷയത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഇവര്‍ നടത്തിയ നിയമനങ്ങളും അസാധുവാകും. 

Tags:    

Similar News