നിയമസഭാ സമ്മേളനം ഒക്ടോബര്‍ 28 മുതല്‍

Update: 2019-10-09 09:08 GMT

തിരുവനന്തപുരം: ഒക്ടോബര്‍ 28 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ ഉന്നത ഉദ്യോഗസ്ഥരെ മാറ്റിനിയമിക്കാനും തീരുമാനിച്ചു. വനംവന്യജീവി വകുപ്പ് അഡീനണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജനെ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിനെ വനം വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാക്കും. ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിക്ക് നികുതി വകുപ്പിന്റെ (എക്‌സൈസ് ഒഴികെ) അധിക ചുമതല നല്‍കും. നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങിനെ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. കൃഷി(മൃഗസംരക്ഷണം), ക്ഷീരവികസനം, സാംസ്‌കാരികകാര്യം(മൃഗശാല) എന്നീ അധിക ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും. പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി കമലവര്‍ധന റാവുവിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ വീണ എന്‍ മാധവനെ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി പരിസ്ഥിതി വകുപ്പ് ഡയറട്കടറുടെ അധിക ചുമതല വഹിക്കും. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെ ടി വര്‍ഗീസ് പണിക്കരെ കണ്‍സ്യൂമര്‍ അഫയേഴ്‌സ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെ അധിക ചുമതല ഇദ്ദേഹം വഹിക്കും. മാനന്തവാടി സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷിനെ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലയുള്ള അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റായി മാറ്റി നിയമിക്കും. ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറട്കറായി മാറ്റി നിയമിക്കും. ആര്‍ രാഹുലിനെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

    തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പീഡിയാട്രീക് കാര്‍ഡിയോളജി വിഭാഗത്തിനു കീഴില്‍ നിയോനാറ്റല്‍ ആന്റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂനിറ്റ് ആരംഭിക്കും. ഇതിനായി അസോഷ്യേറ്റ് പ്രഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസി. പ്രഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസി. പ്രഫസര്‍ ഇന്‍ കാര്‍ഡിയാക് അനസ്‌തേഷ്യ, പെര്‍ഫ്യൂഷനിസ്റ്റ് എന്നിങ്ങനെ ഓരോ തസ്തികയും സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ടിന്റെ 2 തസ്തികകളും ഉള്‍പ്പെടെ 6 തസ്തികകള്‍ സൃഷ്ടിക്കും. എസ്എടി ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തില്‍ നിന്നു പുനര്‍വിന്യാസം വഴി ഫിസിയോതെറാപിസ്റ്റ് -1, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്-3, അസി. പ്രഫസര്‍ കാര്‍ഡിയാക് അനസ്‌തേഷ്യ-1, അസി. പ്രഫസര്‍ അനസ്‌തേഷ്യ-2 എന്നീ തസ്തികകള്‍ കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

    ലൈഫ് മിഷന്‍ പദ്ധതിക്ക് വിവിധ ജില്ലകളിലെ സര്‍ക്കാരിന്റെ കൈവശമുള്ള റവന്യൂ പുറമ്പോക്ക് ഭൂമി, പൊതുമരാമത്ത,് ജലസേചനം, പട്ടിക ജാതി, വാണിജ്യ നികുതി, കേരള ജല അതോറിറ്റി, ഹൗസിങ് ബോര്‍ഡ് ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റവ്യവസ്ഥകള്‍ പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറാന്‍ തത്വത്തില്‍ തീരുമാനിച്ചു. ഭൂമി എപ്രകാരം കൊടുക്കണമെന്നത് ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി തീരുമാനിക്കും.




Tags:    

Similar News