'അവര്‍ ചൂലുകളില്‍ പറക്കട്ടെ': യുഎസിലേക്കുള്ള റോക്കറ്റ് എഞ്ചിനുകളുടെ വിതരണം നിര്‍ത്തി റഷ്യ
'ലോകത്തെ ഏറ്റവും മികച്ച ഞങ്ങളുടെ റോക്കറ്റ് എന്‍ജിനുകള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഇനിയും അമേരിക്കയ്ക്ക് നല്‍കാനാകില്ല. അവരിനി ചൂലോ വേറെ എന്തുവേണമെങ്കിലും ഉപയോഗിച്ച് പറന്നോട്ടെ...'- റഷ്യന്‍ സര്‍ക്കാര്‍ ടെലിവിഷനോട് റോഗൊസിന്‍ പ്രതികരിച്ചു.
മോസ്‌കോ: യുക്രെയ്‌നിലെ സൈനികാധിനിവേശത്തിനെതിരായ അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് റഷ്യ. അമേരിക്കയ്ക്ക് റോക്കറ്റ് എന്‍ജിനുകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചാണ് റഷ്യ പ്രതികരിച്ചിരിക്കുന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് ഏജന്‍സി തലവന്‍ ദ്മിത്രി റോഗൊസിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
'ലോകത്തെ ഏറ്റവും മികച്ച ഞങ്ങളുടെ റോക്കറ്റ് എന്‍ജിനുകള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഇനിയും അമേരിക്കയ്ക്ക് നല്‍കാനാകില്ല. അവരിനി ചൂലോ വേറെ എന്തുവേണമെങ്കിലും ഉപയോഗിച്ച് പറന്നോട്ടെ...'- റഷ്യന്‍ സര്‍ക്കാര്‍ ടെലിവിഷനോട് റോഗൊസിന്‍ പ്രതികരിച്ചു.
നേരത്തെ യുഎസിന് നല്‍കിയ റോക്കറ്റ് എന്‍ജിനുകളുടെ സര്‍വീസും നിര്‍ത്തിവയ്ക്കുമെന്ന് റോസ്‌കോസ്‌മോസ് തലവന്‍ അറിയിച്ചിട്ടുണ്ട്. റഷ്യയുടെ സാങ്കേതിക സഹായം കൂടാതെ പ്രവര്‍ത്തിക്കാനാകാത്ത 24 എന്‍ജിനുകള്‍ ഇപ്പോള്‍ യുഎസിന്റെ കൈയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ സ്വന്തമായി വികസിപ്പിച്ച ആര്‍ഡി180 എന്‍ജിനുകളാണ് ഇതുവരെ നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ലോകത്തെ തന്നെ ഏറ്റവും അത്യാധുനികമായ റോക്കറ്റ് എന്‍ജിനാണിത്. 1990നുശേഷം 122 ആര്‍.ഡി180 എന്‍ജിനുകള്‍ റഷ്യയില്‍നിന്ന് യുഎസ് വാങ്ങിയിട്ടുണ്ട്. ഇതില്‍ 98ഉം നാസയുടെ സുപ്രധാന ബഹിരാകാശദൗത്യ പേടകമായ അറ്റ്‌ലസിലാണ് ഉപയോഗിച്ചിരുന്നത്.
ഫ്രഞ്ച് അധീനതയിലുള്ള ഗ്വിയാനയിലെ യൂറോപ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ താവളവുമായി സഹകരിക്കുന്നതും റഷ്യ നിര്‍ത്തിവച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപരോധത്തിനു തിരിച്ചടിയായിട്ടാണ് നടപടി.ഉപഗ്രഹങ്ങള്‍ സൈനിക ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് ബ്രിട്ടീഷ് ഉപഗ്രഹ കമ്പനിയായ വണ്‍വെബിന് റഷ്യ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
അതിനിടെ, യുക്രെയ്ന്‍ സൈനികനടപടിയില്‍ അന്താരാഷ്ട്ര ഉപരോധം തുടരുന്നതിനിടെ വിവിധ ലോകരാജ്യങ്ങളുടെ പതാക തങ്ങളുടെ റോക്കറ്റില്‍നിന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി നീക്കി. ഏജന്‍സിയുടെ ഭീമന്‍ റോക്കറ്റില്‍നിന്നാണ് യുഎസ്, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ പതാക നീക്കം ചെയ്തത്. എന്നാല്‍, ഇന്ത്യയുടെ പതാക അവിടെ നിലനിര്‍ത്തിയിട്ടുണ്ട്.