എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രത

അമേരിക്കയില്‍ സെപ്റ്റംബര്‍ 11നുണ്ടായ ആക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.

Update: 2021-09-11 09:16 GMT
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന് ബോംബ് ആക്രമണ ഭീഷണി. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. അമേരിക്കയില്‍ സെപ്റ്റംബര്‍ 11നുണ്ടായ ആക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.


ഔട്ടര്‍ ഡല്‍ഹിയിലെ രണ്‍ഹോള പോലിസ് സ്‌റ്റേഷനിലേക്ക് രാത്രി 10.30 ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പോലിസ് സ്‌റ്റേഷനിലെ ലാന്‍ഡ് ലൈനിലേക്കായിരുന്നു ഭീഷണി സന്ദേശം എത്തിയത്.

ഉടന്‍ വിവരം വിമാനത്താവള അധികൃതരെ അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളും യാത്രക്കാരെയും കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കയറ്റി വിടുന്നത്.

സുരക്ഷ മാനിച്ച് യാത്രക്കാര്‍ സഹകരിക്കണമെന്ന് എയര്‍ ഇന്ത്യ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഭീഷണി സന്ദേശത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ചയും ഡല്‍ഹി പോലിസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളം പിടിച്ചെടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഇതില്‍ അന്വേഷണം പുരോഗമിക്കുനന്തിനിടെയാണ് പുതിയ ഭീഷണി എത്തിയത്.

Tags:    

Similar News