കേരളത്തില്‍ മദ്യശാലകള്‍ തുറക്കുമെന്ന് എക്സൈസ് മന്ത്രി
എന്നാല്‍ എപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മദ്യവില്പന ശാലകള്‍ തുറക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്ത് മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനും ബാറുകള്‍ വഴി പാഴ്സലായി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. എന്നാല്‍ എപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മദ്യവില്പന ശാലകള്‍ തുറക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്ത് മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനും ബാറുകള്‍ വഴി പാഴ്സലായി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
മദ്യവില്പന ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാലിത് എപ്പോള്‍ വേണം എന്ന് നിശ്ചയിച്ചിട്ടില്ല. ഇതിനു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ബാറുകളില്‍ മദ്യം വില്‍ക്കാനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കും. ബെവ്കോയും കണ്‍സ്യൂമര്‍ ഫെഡും വില്‍ക്കുന്ന അതേ വിലനിലവാരത്തില്‍ തന്നെയാവും ബാറുകളിലും മദ്യം വില്‍ക്കുക. 310 മദ്യശാലകള്‍ ഒന്നിച്ചായിരിക്കും തുറക്കുകയെന്നും മന്ത്രി പറഞ്ഞു.
ബാറുകളിലൂടെ മദ്യം വില്‍ക്കുന്നത് അടക്കമുള്ള സജ്ജീകരണങ്ങള്‍ താത്കാലികമാണെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ബാധ്യത മറികടക്കാനാണ് മദ്യനികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇതു താത്കാലികമായ നടപടി മാത്രമാണ്. നേരത്തെ പ്രളയത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാനും മദ്യവില വര്‍ധിപ്പിച്ചിരുന്നു. മൂന്ന് മാസത്തിന് ശേഷം അതു പിന്‍വലിച്ചു. ഇതേ രീതിയില്‍ നിലവിലെ പ്രതിസന്ധി അയയുന്ന മുറയ്ക്ക് മദ്യനികുതി കുറയ്ക്കുമെന്നും എക്സൈസ് മന്ത്രി അറിയിച്ചു.