ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല: ഭീഷണി കാരണം ഇരയുടെ കുടുംബം ഗ്രാമം വിടുന്നു
ലക്‌നോ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ സവര്‍ണയുവാക്കള്‍ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബം ഭീഷണി കാരണം ഗ്രാമം വിടാനൊരുങ്ങുന്നു. മകള്‍ക്ക് സംഭവിച്ച ദുരന്തത്തിനു ശേഷം ഭീതിയോടെയാണ് കഴിയുന്നതെന്നും ചിലര്‍ നിരന്തരം കുറ്റപ്പെടുത്തുകയാണെന്നും അതിനാല്‍ മറ്റെവിടേക്കെങ്കിലും പോവുകയാണെന്നും കുടുംബം അറിയിച്ചു. ദുരന്തത്തിനു ശേഷം ഗ്രാമത്തില്‍ നിന്ന് ആരും ഞങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടില്ല. ജീവിക്കാന്‍ ഒരു വഴിയുമില്ല. ഈ സാഹചര്യം ഞങ്ങളെ ഭീതിപ്പെടുത്തുന്നു. ഏതെങ്കിലും ബന്ധുവീട്ടിലേക്ക് പോവാനാണ് തീരുമാനം. കഠിനാധ്വാനത്തിലൂടെയാണ് ഞങ്ങള്‍ ഇവിടെ ജീവിക്കുന്നത്. എവിടെയാണെങ്കിലും ഞങ്ങള്‍ അധ്വാനിക്കുമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല. അതിനാല്‍ ഗ്രാമം വിട്ടുപോവാനാണ് തീരുമാനം. ഞങ്ങളെ കുറിച്ച് അപവാദപ്രചാരണം നടത്തുകയാണ്. ഞങ്ങളുടെ അവസ്ഥ മനസിലാക്കാനോ എന്താണ് സംഭവിച്ചതെന്ന് അറിയാനോ പോലും ആരും വന്നില്ല. എന്റെ ഇളയ സഹോദരനു പോലും ജീവന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ പറഞ്ഞു.
ഹാഥ്‌റസിലെ കൂട്ടബലാല്‍സംഗ കൊലപാതകം നടന്ന ശേഷം വീട് സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പെണ്‍കുട്ടിയുടെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റണമെന്നും വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, സുരക്ഷ നല്‍കുന്നില്ലെങ്കില്‍ കുടുംബത്തെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുമെന്നും പറഞ്ഞിരുന്നു. അതിനിടെ, കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യുപി സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്നു ആവശ്യപ്പെ സുപ്രിംകോടതി ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.