തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം: വെബ് റാലിയുമായി എല്‍ഡിഎഫും യുഡിഎഫും

Update: 2020-12-05 04:27 GMT

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒന്നാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ വെബ് റാലിയുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊട്ടിക്കലാശത്തിനും മറ്റും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് ഇരുമുന്നണികളും വെര്‍ച്വല്‍ റാലിയുമായെത്തുന്നത്. ഇന്ന് രാവിലെ 12 മുതല്‍ ഒരു മണി വരെയാണ് യുഡിഎഫ് റാലി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹ നടപടികള്‍ക്കും വികസനവിരുദ്ധതയ്ക്കുമെതിരേ നടത്തുന്ന വെര്‍ച്വല്‍ റാലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അധ്യത വഹിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍ സംബന്ധിക്കും.

    അതേസമയം, ഇടതുമുന്നണിയുടെ വെബ് റാലി ഇന്ന് വൈകീട്ട് ആറിനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന വെബ് റാലിയില്‍ കുറഞ്ഞത് 50 ലക്ഷം പേരെയെങ്കിലും അണിനിരത്താനാണ് ഉദ്ദേശിക്കുന്നത്. വെബ് റാലി പ്രസംഗങ്ങള്‍ പാര്‍ട്ടികളുടെയും മുന്നണികളുടെയും ഫേസ്ബുക്ക് പേജുകളിലും യൂട്യൂബ് ചാനലിലും തല്‍സമയം ലഭ്യമാവും. വെബ് റാലി പ്രസംഗങ്ങള്‍ fb.com/ldfkeralam, fb.com/cpimkerala എന്നീ ഫേസ്ബുക്ക് പേജുകളിലും youtube.com/cpimkeralam എന്ന യൂട്യൂബ് ചാനലിലും തല്‍സമയം ലഭ്യമാവുമെന്ന് എല്‍ഡിഎഫ് അറിയിച്ചു.

Local body election 2020: LDF and UDF with web rally




Tags:    

Similar News