സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്

Update: 2020-12-04 01:29 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ നിര്‍ദേശം നല്‍കി. സംസ്ഥാന പോലിസ് മേധാവി നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂര്‍ ജില്ലയിലാണ്-785. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്-5. തിരുവനന്തപുരം-180, കൊല്ലം-35, പത്തനംതിട്ട-5, ആലപ്പുഴ-40, കോട്ടയം-30, ഇടുക്കി-12, എറണാകുളം-55, തൃശൂര്‍-54, പാലക്കാട്-182, മലപ്പുറം-100, കോഴിക്കോട്-120, വയനാട്-152, കണ്ണൂര്‍-785, കാസര്‍കോട്-100 എന്നിങ്ങനെയാണ് വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയ ബൂത്തുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.

    ഇതിനു പുറമെ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പോലിസ് മേധാവിമാരും സിറ്റി പോലിസ് കമീഷണര്‍മാരും ചേര്‍ന്ന് കണ്ടെത്തുന്ന പ്രശ്‌നബാധിത ബൂത്തുകളിലും കമ്മീഷന്‍ വീഡിയോഗ്രഫി ഏര്‍പ്പെടുത്തും. വെബ്കാസ്റ്റിങ് നടത്താത്ത ബൂത്തുകളിലാണ് വീഡിയോഗ്രഫി ഏര്‍പ്പെടുത്തുക.

    അതേസമയം, വീഡിയോ പകര്‍ത്തുമ്പോള്‍ വോട്ട് രേഖപ്പെടുത്തുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ദൃശ്യങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമീഷന്‍ വെബ്കാസ്റ്റിങോ വിഡിയോഗ്രഫിയോ ഏര്‍പ്പെടുത്താത്ത ബൂത്തുകളില്‍ സ്ഥാനാര്‍ഥികള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ സ്വന്തം ചെലവില്‍ വിഡിയോഗ്രഫി നടത്താന്‍ അനുമതി തേടാം. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് വിഡിയോഗ്രഫര്‍മാരെ നിയോഗിക്കുക. വീഡിയോഗ്രഫി ഏര്‍പ്പെടുത്താനുള്ള തുക കലക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലോ കലക്ടറുടെയും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെയും പേരിലുള്ള സംയുക്ത അക്കൗണ്ടിലോ അടയ്ക്കണം. ഇതിനായുള്ള ചെലവ് പ്രചാരണ ചെലവായി പരിഗണിക്കില്ല. വീഡിയോ റെക്കോഡിങിന്റെ പകര്‍പ്പ് വീഡിയോഗ്രഫര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനല്ലാതെ മറ്റാര്‍ക്കും നല്‍കില്ലെന്ന് ഉറപ്പാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

local body election 2020: Webcasting in 1850 problem booths in the state

Tags:    

Similar News