കൊവിഡ് വ്യാപനം;ഡല്‍ഹിയില്‍ വീണ്ടും ഭാഗിക ലോക്ഡൗണ്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തിയറ്ററുകള്‍,സ്പാ, ജിം എന്നിവ അടയ്ക്കും
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രകാരം സ്‌കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകള്‍ എന്നിവയും അടയ്ക്കാന്‍ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ മാത്രമേ ജോലിക്ക് എത്താവൂ.കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തന അനുമതി. റസ്റ്ററന്റുകളിലും, മെട്രോ ട്രെയിനിലും പകുതി ആളുകള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി.മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും തുറക്കുക.വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുപതായി കുറയ്ക്കും
ഏതാനും ദിവസങ്ങളായി ഡല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണെന്ന് കെജരിവാള്‍ പറഞ്ഞു. കൊവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും പലര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ ഓക്‌സിജന്‍ ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യകതയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കെജരിവാള്‍ അറിയിച്ചു.ഒമിക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നില്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നേരത്തെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.