വി സി നിയമനം;മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല:ലോകായുക്ത
മന്ത്രിയുടെ കത്തില്‍ പ്രൊപ്പോസല്‍ മാത്രമാണുള്ളത്. മന്ത്രി തെറ്റായ വഴി സ്വീകരിച്ചതായി വ്യക്തതയില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ലോകായുക്ത വിധിയില്‍ വ്യക്തമാക്കി
തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമനം സംബന്ധിച്ച പരാതിയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരായ പരാതി തള്ളി ലോകായുക്ത. കണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല. മന്ത്രിയുടെ കത്തില്‍ പ്രൊപ്പോസല്‍ മാത്രമാണുള്ളത്. മന്ത്രി തെറ്റായ വഴി സ്വീകരിച്ചതായി വ്യക്തതയില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ലോകായുക്ത വിധിയില്‍ വ്യക്തമാക്കി.
മന്ത്രി പറഞ്ഞത് വിസിയായി ഗോപിനാഥ് രവീന്ദ്രന് വീണ്ടും അവസരം നല്‍കുന്നത് നല്ലതായിരിക്കുമെന്നു മാത്രമാണെന്നും,ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഗവര്‍ണര്‍ ആണെന്നും ലോകായുക്ത വിധിയില്‍ പറയുന്നു. മന്ത്രി സ്വജനപക്ഷപാതിത്വം കാണിച്ചിട്ടില്ലെന്നും വിധിയില്‍ ലോകായുക്ത വ്യക്തമാക്കി.
ബിന്ദുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ലോകായുക്തയ്ക്ക് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് തള്ളിയത്.രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോകായുക്തയെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുന്‍കൈയെടുത്തതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് പുനനിയമനം നല്‍കിയതെന്ന് ഇന്നലെ രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു.