ലോക്‌സഭാ തിരഞ്ഞെടുപ്പ്: സിപിഎം 15 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്‌സഭാ തിഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 15 സിപിഎം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സിപിഎം മല്‍സരിക്കുന്ന 15 മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. നേരത്തേ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായതു പ്രകാരം തന്നെയാണ് സ്ഥാനാര്‍ഥികളുള്ളത്. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പാലക്കാട്ടും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും കെ കെ ശൈലജ വടകരയിലും കെ രാധാകൃഷ്ണന്‍ ആലത്തൂരിലും മല്‍സരിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിമാരുമായ എം വി ജയരാജന്‍ കണ്ണൂരും വി ജോയ് ആറ്റിങ്ങലിലും എം വി ബാലകൃഷ്ണന്‍ കാസര്‍കോടും മല്‍സരിക്കും. മുന്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ചാലക്കുടിയിലും സിറ്റിങ് എംപി എ എം ആരിഫ് ആലപ്പുഴയിലും എംഎല്‍എ കൂടിയായ നടന്‍ എം മുകേഷ് കൊല്ലത്തും ജനവിധി തേടും. മുന്‍ എംപി ജോയ്‌സ് ജോര്‍ജ് ഇടുക്കിയിലും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് മലപ്പുറത്തും കെഎസ്ടിഎ സംസ്ഥാന നേതാവ് കെ ജെ ഷൈന്‍ എറണാകുളത്തും മുസ് ലിം ലീഗ് മുന്‍ നേതാവ് കെ എസ് ഹംസ പൊന്നാനിയിലും മല്‍സരിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ബിജെപിയെ അധികാരത്തില്‍നിന്നും മാറ്റി നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബിജെപി വിരുദ്ധവോട്ടുകള്‍ ഏകോപിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോര്‍പറേറ്റ് മൂലധനത്തിനും ഹിന്ദുത്വ അജണ്ടയ്ക്കും ബദലായി മതനിരപേക്ഷ നിലപാടുകള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ധാരണപ്രകാരം സംസ്ഥാനത്തെ 20 സീറ്റില്‍ 15 ഇടത്താണ് സിപിഎം മല്‍സരിക്കുന്നത്. നാലിടത്ത് സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് മാണിയും മല്‍സരിക്കും.