ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിനു പോലും ദിവസങ്ങള്‍ ബാക്കിയിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഇതുവരെ പിടിച്ചെടുത്തത് 4,650 കോടി രൂപ. ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ തുകയാണിതെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 2024 മാര്‍ച്ച് ഒന്ന് മുതല്‍ പ്രതിദിനം 100 കോടിയോളം രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. 3475 കോടി രൂപയായിരുന്നു 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിടികൂടിയത്. തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ തടയാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നതെന്ന് പ്രസ്താവയില്‍ വ്യക്തമാക്കി. വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സൗജന്യങ്ങളുടേയും മയക്കുമരുന്നിന്റേയും അളവിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2019ല്‍ പിടികൂടിയത് 1,279.9 കോടി രൂപയുടെ മയക്കുമരുന്നായിരുന്നെങ്കില്‍ 2024ല്‍ അത് 2,068.8 കോടി രൂപയായി ഉയര്‍ന്നതായും കമ്മീഷന്‍ അറിയിച്ചു.