ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഉച്ചഭാഷിണി ഉപയോഗത്തിന് സ്ഥിരം ലൈസന്‍സ് നല്‍കിയിട്ടില്ല; കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Update: 2022-06-18 13:06 GMT

ബംഗളൂരു: കര്‍ണാടകയിലെ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഉച്ചഭാഷിണി ഉപയോഗത്തിന് സ്ഥിരം ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മസ്ജിദുകളിലെ ബാങ്ക് വിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ സംഘപരിവാര്‍ സംഘടനകള്‍ മുറവിളി കൂട്ടുന്നതിനിടെ ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചഭാഷിണി ഉപയോഗത്തിന് നല്‍കുന്ന ലൈസന്‍സിന് രണ്ടുവര്‍ഷത്തെ കാലാവധി മാത്രമാണുള്ളത്.

വിശേഷാവസരങ്ങളിലൊഴികെ രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെ ഉച്ചഭാഷിണി ഉപയോഗം വിലക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ശബ്ദമലിനീകരണം (നിയന്ത്രണവും നിയന്ത്രണവും) 2000ലെ റൂള്‍ 5 (1), കര്‍ണാടക പോലിസ് ആക്ട്, 1963 ലെ സെക്ഷന്‍ 37 എന്നിവ പ്രകാരമാണ് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥ നല്‍കിയിരിക്കുന്നത്. പ്രത്യേക മതപരവും സാംസ്‌കാരികവുമായ അവസരങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 12 മണി വരെയാണ് അനുമതി.

പരമാവധി 15 ദിവസം വരെയാണ് ഇത് അനുവദിക്കുക. അനധികൃത ഉച്ചഭാഷിണി ഉപയോഗം വ്യാപകമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതായും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍, ഒരു സിവില്‍ ഏജന്‍സിയിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം എന്നിവരടങ്ങുന്ന കമ്മിറ്റി പ്രാദേശിക തലത്തില്‍ രൂപീകരിച്ചു.

ഉച്ചഭാഷിണി ഉപയോഗത്തിന് അനുമതി തേടി സബ്മിഷന്‍ നല്‍കിയാല്‍ ഈ സമിതി ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കും. ഹൈക്കോടതി ഇടപെടലുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോഗം നിയമം അനുസരിച്ചാണോ എന്ന് പരിശോധിക്കാന്‍ സര്‍വേ നടത്താനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരും പോലിസ് വകുപ്പും. ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കുന്ന ചട്ടങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചുള്ള റിപോര്‍ട്ടും കോടതി ആവശ്യപ്പെട്ടിരുന്നു.

മസ്ജിദുകളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മൂലമുള്ള ശബ്ദമലിനീകരണം സംബന്ധിച്ച് പി രാകേഷ് എന്നയാളാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് അശോക് എസ് കിനാഗി എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഉച്ചഭാഷിണികളുടെ ഉപയോഗം സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.

Tags:    

Similar News