'ലൗ ജിഹാദിന്റെ' പേരിലുള്ള മുസ്‌ലിം വേട്ട തുടരുന്നു; വിവാഹച്ചടങ്ങുകള്‍ നിര്‍ത്തിവയ്പിച്ച് യുപി പോലിസ്; വരന് പോലിസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം
മതപരിവര്‍ത്തനം നടത്തി ഹിന്ദു യുവതിയെ മുസ്‌ലിം യുവാവ് വിവാഹം കഴിച്ചെന്ന ഫോണ്‍ സന്ദേശത്തിനു പിന്നാലെ സ്ഥലത്തെത്തിയ പോലിസ് വിവാഹച്ചടങ്ങുകള്‍ നിര്‍ത്തിവയ്പിച്ച് മുസ്‌ലിം ദമ്പതികളെ ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തങ്ങള്‍ ഇരുവരും മുസ്‌ലിംകളാണെന്ന വരന്റെ വാദം ചെവികൊള്ളാതെയായിരുന്നു പോലിസിന്റെ നടപടി.
ലക്‌നോ: ഉത്തര്‍പ്രദേശില്‍ 'ലൗ ജിഹാദി'ന്റെ പേരിലുള്ള മുസ്‌ലിം വേട്ട തുടരുന്നു. കുശിനഗറില്‍ വ്യാഴാഴ്ച മുസ്‌ലിം ദമ്പതികളുടെ വിവാഹച്ചടങ്ങ് ബലമായി നിര്‍ത്തിവയ്പിച്ച് വരനെ പോലിസ് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ദമ്പതികളെ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയ പോലിസ് വരനെ മണിക്കൂറുകളോളം ക്രൂരമര്‍ദ്ദനത്തിനിരയാക്കി.
മതപരിവര്‍ത്തനം നടത്തി ഹിന്ദു യുവതിയെ മുസ്‌ലിം യുവാവ് വിവാഹം കഴിച്ചെന്ന ഫോണ്‍ സന്ദേശത്തിനു പിന്നാലെ സ്ഥലത്തെത്തിയ പോലിസ് വിവാഹച്ചടങ്ങുകള്‍ നിര്‍ത്തിവയ്പിച്ച് മുസ്‌ലിം ദമ്പതികളെ ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തങ്ങള്‍ ഇരുവരും മുസ്‌ലിംകളാണെന്ന വരന്റെ വാദം ചെവികൊള്ളാതെയായിരുന്നു പോലിസിന്റെ നടപടി. ഇരുവരും ഇസ്‌ലാം മത വിശ്വാസികളാണെന്ന് വ്യക്തമായതിനു ശേഷം പിറ്റേദിവസമാണ് ദമ്പതികളെ പോവാന്‍ അനുവദിച്ചത്.
കാസ്യ പോലിസ് സ്‌റ്റേഷനില്‍ വെച്ച് പോലിസുകാര്‍ മണിക്കൂറുകളോളം ലെതര്‍ ബെല്‍റ്റ് ഉപയോഗിച്ചു തല്ലുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതായി 39കാരനായ വരന്‍ ഹൈദര്‍ അലി പറഞ്ഞു. ഇരുവരും വിവാഹിതരാവുന്നതില്‍ കുടുംബത്തിന് എതിര്‍പ്പില്ലെന്ന് 28കാരിയായ വധു ഷബീല ഖാത്തൂന്റെ സഹോദരന്‍ അസംഗഢില്‍നിന്നെത്തി അറിയിച്ചതിനു ശേഷം മാത്രമാണ് ഇരുവരേയും പോലിസ് വിട്ടയച്ചത്.
പത്ത് വര്‍ഷം മുമ്പ് ഭാര്യ മരിച്ച ഹൈദര്‍ അലി അസംഗഢില്‍ ബാര്‍ബറായി ജോലി ചെയ്തുവരികയാണ്. അതിനിടെ, ഷബീല ഖാത്തൂനുമായി പരിചയത്തിലാവുകയും വിവാഹിതരാവാന്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി ഹൈദര്‍ അലിക്കൊപ്പം ഇറങ്ങിവരികയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ താനും ഷബീലയും വിവാഹിതരായെന്ന് ഹൈദരലി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ചടങ്ങിന് ശേഷം ഒരു ചെറിയ പാര്‍ട്ടി തയ്യാറാക്കിയിരുന്നു. അതിനിടെയെത്തിയ പോലിസ് ചടങ്ങുകള്‍ നിര്‍ത്തിവയ്പിക്കുകയും ദമ്പതികളെ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോവുകയുമായിരുന്നു. തങ്ങളുടെ വാദങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്ന് ഹൈദരലി പറഞ്ഞു. രാത്രി 7.30 ഓടെ തങ്ങളെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തന്റെ പ്രസ്താവന മാറ്റി നിക്കാഹ് ഇതുവരെ അന്തിമമായിട്ടില്ലെന്ന് പറഞ്ഞതിന് ശേഷമാണ് നിക്കാഹിന് കാര്‍മികത്വം വഹിച്ച പുരോഹിതനെ പോലിസ് വിട്ടയച്ചത്.
ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അറിയിച്ചതു പ്രകാരമാണ് പോലിസ് എത്തിയത്. പോലീസ് സ്‌റ്റേഷനില്‍ ഷബീലയെ മറ്റൊരു മുറിയിലേക്ക് അയച്ചതായും ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചതായും അലി പറഞ്ഞു.
ഒരു പോലിസുകാരന്‍ മറ്റൊരാളോട് തന്റെ തൊലിയുരിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ കരച്ചില്‍ കേട്ട് ഷബീല ഭയന്നു. രാത്രി 9 മണിയോടെ അവള്‍ സഹോദരന്റെ നമ്പര്‍ പോലിസിനു നല്‍കി. അവള്‍ മുസ്‌ലിം ആണെന്ന് അവളുടെ വീട്ടുകാര്‍ പോലിസിനോട് പറഞ്ഞു. അവളുടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ അയയ്ക്കുകയും വീഡിയോ കോള്‍ ചെയ്യുകയും ചെയ്തു. അതിനുശേഷമാണ് പോലീസ് മര്‍ദ്ദനം അവസാനിപ്പിച്ചത്.
എന്നിട്ടും പോലിസ് തങ്ങളെ പോവാന്‍ അനുവദിച്ചില്ല. അവളുടെ സഹോദരന്‍ വരുന്നതുവരെ കാത്തിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. തന്നെ കൊടുംതണുപ്പില്‍ വരാന്തയില്‍ പാര്‍പ്പിച്ചതായും ഹൈദരലി ആരോപിച്ചു. അസംഗഡില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് കുശിനഗര്‍.
കുടുംബത്തോടൊപ്പം പോവുന്നില്ലെന്നും അലിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സഹോദരന്റെ സാന്നിധ്യത്തില്‍ പറഞ്ഞതിന് ശേഷമാണ് ദമ്പതികളെ പോലിസ് വിട്ടയച്ചത്. അതേസമയം, ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും പോലിസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരിക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും കുശിനഗര്‍ പോലിസ് അവകാശപ്പെട്ടു.