ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടതോടെ ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലകളില്‍ ഗണ്യമായ കുറവ്

അടുത്തിടെ അന്തരിച്ച സ്വാമി അഗ്‌നിവേഷിനെതിരായ ആക്രമണം ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തെ ഭരണകാലയളവില്‍ ഡസന്‍ കണക്കിന് കൊലപാതകങ്ങള്‍ക്കാണ് ജാര്‍ഖണ്ഡ് സാക്ഷ്യംവഹിച്ചത്.

Update: 2020-09-23 10:50 GMT

റാഞ്ചി: 2014 മെയില്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തിലും ജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അധികാരത്തിലേറിയതിനു ശേഷം ആള്‍ക്കൂട്ട തല്ലിക്കൊലകള്‍ പതിവ് സംഭവങ്ങളായി മാറിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജാര്‍ഖണ്ഡില്‍ ബിജെപിക്ക് കാലിടറിയതോടെ ആള്‍ക്കൂട്ട തല്ലിക്കൊലകളില്‍ വന്‍ കുറവാണ് ഉണ്ടായത്. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഭയാനക പ്രവര്‍ത്തികള്‍ക്ക് ഏറ്റവും കുടുതല്‍ സാക്ഷ്യംവഹിച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു ജാര്‍ഖണ്ഡ്.

അടുത്തിടെ അന്തരിച്ച സ്വാമി അഗ്‌നിവേഷിനെതിരായ ആക്രമണം ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തെ ഭരണകാലയളവില്‍ ഡസന്‍ കണക്കിന് കൊലപാതകങ്ങള്‍ക്കാണ് ജാര്‍ഖണ്ഡ് സാക്ഷ്യംവഹിച്ചത്.

ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ഒമ്പതു മാസം പിന്നിടുമ്പോള്‍ കേവലം രണ്ട് കേസുകള്‍ മാത്രമാണ് പുതുതായി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.2019 ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെഎംഎം) ചേര്‍ന്ന് ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കുകയും ജെഎംഎം നേതാവ് ഹേമന്ത് സോറനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയുമായിരുന്നു.

ബിജെപി അധികാരത്തിലേറിയ 2014ല്‍ ഒറ്റവര്‍ഷം കൊണ്ട് 14 ആള്‍ക്കൂട്ട ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ജാര്‍ഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയുടെ കീഴില്‍ ഇതുവരെ കേവലം രണ്ടു കേസുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

2015നും 2018നും ഇടയില്‍ 12 ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 44 ആള്‍ക്കൂട്ട കൊലകളില്‍ 17 എണ്ണവും ജാര്‍ഖണ്ഡിലാണെന്നും മരിച്ച 44 പേരില്‍ 36 പേരും മുസ്‌ലിംകളാണെന്നും മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.മുസ്‌ലിംകള്‍ക്കു പുറമെ ക്രിസ്ത്യാനികളും ദലിതരും ആദിവാസികളുമാണ് രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയായത്.

പശു ഭീകരതയുമായി ബന്ധപ്പെട്ട് നിരവധി മുസ്‌ലിംകള്‍ കൊല്ലപ്പെട്ട 2018ല്‍ ക്രിസ്ത്യാനികള്‍ക്കെതിരേ രണ്ടു ഡസനിലധികം കേസുകളും ജാര്‍ഖണ്ഡില്‍ വെളിച്ചത്തുവന്നിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ് 24കാരനായ തബ്രീസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി കൊലപ്പെടുത്തിയത് രാജ്യവ്യാപകമായി ഏറെ ചര്‍ച്ചയായിരുന്നു. അന്‍സാരിയുടെ മരണത്തോടെ, 2019ല്‍ മാത്രം ഇത്തരം 11 കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി 2014 ല്‍ ആദ്യമായി അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം സംഭവങ്ങളുടെ എണ്ണം 2019 വരെ 266 ആയി ഉയരുകയും ചെയ്തിരുന്നു.

ആള്‍ക്കൂട്ട ആക്രമണ കേസിലെ പ്രതികളെ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ ഉള്‍പ്പെടെയുള്ള ബിജെപിയുടെ നേതാക്കള്‍ സ്വാഗതം ചെയ്യുകയും ഹാരാര്‍പ്പണം നടത്തുകയും ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കും ഇക്കാലയളവില്‍ രാജ്യം നിസ്സംഗതയോടെ സാക്ഷ്യംവഹിച്ചിരുന്നു.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 81 സീറ്റുകളില്‍ 48 എണ്ണം നേടി നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടി. ജെഎംഎം 30 സീറ്റുകളും കോണ്‍ഗ്രസ് 17 ഉം രാഷ്ട്രീയ ജനതാദള്‍ ഒരു സീറ്റും ബിജെപിക്ക് 25 സീറ്റുകളും ലഭിച്ചു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്ഥിതി മാറി, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം കുറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ആള്‍ക്കൂട്ട അക്രമം പൂര്‍ണ്ണമായും അവസാനിപ്പിച്ചിട്ടില്ലെങ്കിലും ഭരണകൂടം ഉടനടി ശക്തമായ നടപടി സ്വീകരിക്കുന്നതിനാല്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഗണ്യമായ കുറവുണ്ടായി.

Tags:    

Similar News