എം പി വീരേന്ദ്രകുമാര്‍ എംപി അന്തരിച്ചു

Update: 2020-05-28 18:24 GMT

കോഴിക്കോട്: എഴുത്തുകാരനും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി ദിനപത്രം മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്ര കുമാര്‍ എംപി(84) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോവും. സംസ്‌കാരം വൈകിട്ട്. സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി, ലോക്‌സഭാംഗം എന്നീ നിലകളില്‍ കേരള രാഷ്ട്രീയത്തിലും സാഹിത്യ-സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ ജീവ സാന്നിധ്യമായിരുന്നു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, പി.ടി.ഐ.ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് അംഗം, കോമണ്‍വെല്‍ത്ത് പ്രസ് യൂനിയന്‍ അംഗം, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജനതാദള്‍(യു) സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

    വിദ്യാര്‍ഥിയായിരിക്കെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രി, തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

    ഹൈമവതഭൂവില്‍, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി അച്യുത മേനോന്‍ സാഹിത്യപുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്‌കാരം, മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളും വീരേന്ദ്രകുമാറിനെ തേടിയെത്തിയിട്ടുണ്ട്.

    പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡര്‍-മരുദേവി അവ്വ എന്നിവരുടെ മകനാണ്. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം വി ശ്രേയാംസ്‌കുമാര്‍(ജോയിന്റ് മാനേജിങ് ഡയറക്ടര്‍, മാതൃഭൂമി).


Tags:    

Similar News