ഒരുരൂപ പോലും ഇന്ധന സെസ് കുറയ്ക്കില്ല, ഇക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയും: എം വി ഗോവിന്ദന്‍

Update: 2023-02-19 05:11 GMT

കണ്ണൂര്‍: കേരളത്തില്‍ ബജറ്റില്‍ വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിപക്ഷം സമരം നടത്തുന്നതിന്റെ പേരില്‍ ഒരു രൂപ പോലും ഇന്ധന സെസ്‌കുറക്കില്ല. അക്കാര്യം ജനങ്ങളോട് ഉറപ്പിച്ചുപറയാനാണ് തീരുമാനം. എന്നാല്‍, കേന്ദ്രം കൂട്ടിയാല്‍ സിപിഎം സമരം നടത്തും. കേരളത്തില്‍ ഇന്ധന വില രണ്ടുരൂപ കൂടുമ്പോള്‍ വികാരം തോന്നുന്നത് രാഷ്ട്രീയമാണ്. കേന്ദ്രം നികുതി കൂട്ടുമ്പോള്‍ പ്രതിഷേധിക്കാത്തവരാണ് ഇവരെന്നും എം വി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതുഖജനാവില്‍ നിന്ന് പണം നല്‍കി സംരക്ഷിക്കാനാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോചന തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയം. അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്നത്. കോണ്‍ഗ്രസും ബിജെപിയും കൂടിയാണ് ഇന്ധനവില ഈ നിലയിലെത്തിച്ചത്. ഇന്ധന സെസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനുള്ള യോഗ്യത പ്രതിപക്ഷത്തിനില്ല. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 40000 കോടി രൂപയോളം കേന്ദ്രം കേരളത്തിന് നല്‍കാനുണ്ട്. മുഖ്യമന്ത്രിക്കുനേരെ കോണ്‍ഗ്രസ് ആത്മഹത്യ സ്‌ക്വാഡിനെ ഇറക്കിയിരിക്കുകയാണ്. കരിങ്കൊടിയുമായി ഇവര്‍ വാഹന വ്യൂഹത്തിലേക്ക് ചാടുന്നുവെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.

പാര്‍ട്ടിയെ വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്ക് എം വി ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇനി പാര്‍ട്ടി ലേബലില്‍ ഇറങ്ങിയാല്‍ അപ്പോള്‍ കാണാം. ക്രിമിനലായ ആകാശ് തില്ലങ്കേരി ശുദ്ധ അസംബന്ധം പറയുകയാണ്. പി ജയരാജന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ടും സ്വപ്‌നയുടെ ജോലി സംബന്ധിച്ചും പുറത്തുവന്ന വാട്‌സ് ആപ് തെളിവ് വ്യാജമാണ്.

മുഖ്യമന്ത്രി സ്വപ്‌നയ്ക്ക് ജോലി നല്‍കാന്‍ ശിവശങ്കരനോട് പറഞ്ഞിട്ടില്ല. അന്വേഷണ ഏജന്‍സി വ്യാജ തെളിവാണ് കോടതിയില്‍ ഹാജരാക്കിയത്. ലീഗിനെ ഇടതു ബദലിലേക്ക് എം വി ഗോവിന്ദന്‍ ക്ഷണിച്ചു. ലീഗിന് ഇന്ത്യയിലെ വിശാല ഇടതുപക്ഷത്തിന്റെ ഭാഗമാവാം. ന്യൂനപക്ഷങ്ങളും തൊഴിലാളികളും ചേരുന്ന ഇടതുബദലിലേക്ക് ലീഗിന് വരാം. കോണ്‍ഗ്രസിന് ബിജെപിയെ നേരിടാന്‍ കരുത്തില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News