'സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെടുന്ന മനസ്സ് രൂപപ്പെട്ടുവരുന്നു'; മുസ് ലിം പ്രീണന ആരോപണത്തില്‍ വെള്ളാപ്പള്ളിക്കെതിരേ എം വി ഗോവിന്ദന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുസ് ലിംകള്‍ക്ക് വാരിക്കോരി നല്‍കുന്നുവെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിന് രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വെള്ളാപ്പള്ളിയുടെ പ്രസ്താവന സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെടുന്ന ഒരു മനസ്സ് അവര്‍ക്കിടയില്‍ രൂപപ്പെട്ട് വരുന്നുവെന്നാണ് കാണിക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. കേന്ദ്ര മന്ത്രിസഭയില്‍ ബിജെപി ഒരു മുസ് ലിമിനേയും ഉള്‍പ്പെടുത്താത്തതില്‍ ഒരു പ്രശ്‌നവും അദ്ദേഹം ഉന്നയിച്ചിട്ടില്ല. സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെടുന്ന ഒരു മനസ്സ് രൂപപ്പെട്ടുവരുന്നു എന്നതാണ് ഇതിലൂടെ മനസ്സിലാവുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക കാഴ്ചപ്പാടില്‍നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് സംഘപരിവാറിന് അനുകൂലമായ എസ്എന്‍ഡിഎപി നേതൃനിരയിലുള്ളവര്‍ എടുത്തുകൊണ്ടിരിക്കുന്നത്. ഇതൊന്നും മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ രൂപീകരണത്തോടെ ബിജെപി അജണ്ടയുടെ ഭാഗമായി എസ്എന്‍ഡിപിയിലേക്ക് കടന്നുകയറി. എസ്എന്‍ഡിപിയില്‍ വര്‍ഗീയവല്‍ക്കരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്കായി സജീവമായി ഇടപെട്ടിട്ടുണ്ട്. ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ ആര്‍എസ്എസ് ഇടപെടല്‍മൂലം ഇടതുമുന്നണിക്ക് കിട്ടേണ്ട ഒരുവിഭാഗം വോട്ടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് തിരിച്ചുകൊണ്ടുവരും. എസ്എന്‍ഡിപിക്ക് അതിന്റെ രൂപീകരണ കാലംതൊട്ട് മതനിരപേക്ഷ ഉള്ളടക്കമുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായി വര്‍ഗീയതയിലേക്ക് നീങ്ങാനുള്ള ചില ശ്രമങ്ങളുണ്ട്. അത് പെട്ടെന്നുണ്ടായ പരിവര്‍ത്തനമല്ല. കുറച്ചുകാലമായി തുടര്‍ന്നുവരുന്ന കാര്യമാണതെന്നും ഗോവിന്ദന്‍ പറഞ്ഞു. മതനിരാസമാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്ന് മുസ് ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പറയുകയുണ്ടായി. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് മതം ലോകത്ത് നിര്‍വഹിച്ച ഗുണകരമായ കാര്യങ്ങളെല്ലാം അംഗീരിക്കുന്ന നിലപാടാണുള്ളത്. മതനിരപേക്ഷതയാണ് ഞങ്ങള്‍ ഉയര്‍പ്പിടിച്ച കാഴ്ചപ്പാട്. പാര്‍ട്ടിയിലേക്ക് മതവിശ്വാസികള്‍ക്ക് കടന്നുവരാം. ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലര്‍ഫ്രണ്ടുമായും ഉണ്ടാക്കിയ അവിശുദ്ധ കൂട്ടിക്കെട്ട് തുറന്നുകാണിക്കുമ്പോള്‍ ഉണ്ടാവുന്ന പരിഹാസ്യമായ നിലപാടാണ് ലീഗ് അധ്യക്ഷന്റേതെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് സീറ്റ് നേടാനായത് അത്യന്തം അപകടകരമാണ്. എസ്എന്‍ഡിപിയിലെ നേതൃത്വം ഉള്‍പ്പെടെ ഇക്കുറി സംഘപരിവാറും ബിജെപിക്കും വോട്ട് ലഭിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു. ജമാത്തെ ഇസ് ലാമി, എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ഒരു മുന്നണി പോലെ യുഡിഎഫിനും ലീഗിനുമൊപ്പം പ്രവര്‍ത്തിച്ചു. ഇത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ഇതിനെ ചെറുക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയണം. വ്യത്യസ്ത ജാതി വിഭാഗങ്ങള്‍, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വിഭാഗീയമായ രീതിയില്‍ വര്‍ഗീയ ശക്തികള്‍ക്കു കീഴ്‌പ്പെടുന്ന നിലപാടിലേക്ക് എത്തി. ആര്‍എസ്എസിന്റെ വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങളിലേക്ക് ഈ വിഭാഗം എത്തി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളില്‍ രൂപീകൃതമായ എസ്എന്‍ഡിപിയിലെ ഒരു വിഭാഗം സംഘപരിവാറിന് അനുകൂലമായി. ബിഡിജെഎസിന്റെ രൂപീകരണത്തോടെ ബിജെപി ആസൂത്രിതമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഒരു വിഭാഗം ബിജെപിക്കു വേണ്ടി ഇടപെട്ടു. ക്രൈസ്തവരിലെ ഒരു വിഭാഗവും ബിജെപിക്ക് അനുകൂലമായി മാറി. ചില മേഖലകളില്‍ ബിഷപ്പുമാരുള്‍പ്പെടെ അവരുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തു. തൃശൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ വിഭാഗത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പ്രതിരോധിക്കാന്‍ നല്ലത് കോണ്‍ഗ്രസാണെന്ന് കരുതിയ ജനങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി ശ്രമിക്കും. ആരുടെയെങ്കിലും പ്രസ്താവനകളോ പെരുമാറ്റമോ നിലപാടുകളോ തിരിച്ചടിയായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോവും. തെറ്റായ ഒരു പ്രവണതയ്ക്കും കൂട്ടുനില്‍ക്കില്ല. അത് എല്ലാവര്‍ക്കും ബാധകമാണ്. പാര്‍ട്ടിക്ക് തിരിച്ചുവരാന്‍ സാധിക്കുന്ന നിലതന്നെയാണ് ഇപ്പോഴും സംസ്ഥാനത്തുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു.