പാര്‍ട്ടി പരിപാടി എല്ലാവര്‍ക്കും ബാധകം; സെമിനാറില്‍ പങ്കെടുക്കാത്തതില്‍ ഇപിക്കെതിരേ എം വി ഗോവിന്ദന്‍

Update: 2023-07-15 06:42 GMT

തിരുവനന്തപുരം: ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ലെന്ന വാര്‍ത്തയ്ക്കു പിന്നാലെ അതൃപ്തി വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി പരിപാടി എല്ലാവര്‍ക്കും ബാധകമാണെന്നും എല്‍ഡിഎഫ് കണ്‍വീനറെ ക്ഷണിച്ച് കൊണ്ടുവരേണ്ടതില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. കണ്‍വീനറായ ആളെ ക്ഷണിക്കേണ്ടതില്ല. നമ്മളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ ഇങ്ങോട്ടേക്ക് വരുന്നത്. ക്ഷണിക്കാത്തത് കൊണ്ടാണോ വരാത്തതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടി വരും. പാര്‍ട്ടി പരിപാടി എല്ലാവര്‍ക്കും ബാധകമാണ്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ബാധകമല്ലാതിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    വിവിധ മത സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് സിപിഎം നടത്തുന്ന സെമിനാറില്‍ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനറായ ഇ പി ജയരാജന്‍ ഇന്ന് തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പരിപാടിക്കെത്തിയിരിക്കുകയാണ്. കുറച്ചുനാളുകളായി സിപിഎം നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇ പി ജയരാജന്‍ സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് എം വി ഗോവിന്ദന്റെ പരാമര്‍ശം. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. മുസ് ലിം ലീഗിനെ സിപിഎം ക്ഷണിച്ചിരുന്നെങ്കിലും ലീഗ് തള്ളുകയായിരുന്നു.

Tags:    

Similar News