തുഷാര്‍ വെള്ളാപ്പള്ളിയുടെ കേസില്‍ ഇനി ഇടപെടില്ലെന്ന് എം എ യൂസഫലി
ജാമ്യത്തുക നല്‍കിയത് മാത്രമാണ് കേസില്‍ നടത്തിയ ഇടപെടല്‍. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോവൂ. മറ്റൊരു തരത്തിലും കേസില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യൂസഫലിയുടെ ഓഫിസ് അറിയിച്ചു.
അജ് മാന്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി വണ്ടിച്ചെക്ക് കേസില്‍ ഇനി ഇടപെടില്ലെന്ന് പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ഓഫിസ് അറിയിച്ചു. ജാമ്യത്തുക നല്‍കിയത് മാത്രമാണ് കേസില്‍ നടത്തിയ ഇടപെടല്‍. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോവൂ. മറ്റൊരു തരത്തിലും കേസില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യൂസഫലിയുടെ ഓഫിസ് അറിയിച്ചു. നേരത്തേ, തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ലയുടെ പരാതിയില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പോലിസ് അറസ്റ്റ് ചെയ്ത ഉടനെ എം എ യൂസഫലി ഇടപെട്ടത് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
എന്‍ഡിഎ ഘടകകക്ഷി നേതാവ് കൂടിയായ തുഷാറിന്റെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചതും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. യൂസഫലി വന്‍ ജാമ്യത്തുക നല്‍കിയതിനെ തുടര്‍ന്നാണ് തുഷാറിനു എളുപ്പം ജയിലില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞത്. ഇതിനുശേഷവും യൂസഫലിയുടെ ഓഫിസ് ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടെ, ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി തുഷാര്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച അപേക്ഷ അജ്മാന്‍ കോടതി തള്ളുകയും ചെയ്തു. യാത്രാവിലക്ക് വിലക്ക് നീക്കാന്‍ സ്വദേശി പൗരന്റെ പാസ്‌പോര്‍ട്ട് ജാമ്യമായി നല്‍കി നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാറിന്റെ നീക്കം. ഇതിനായി അജ്മാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസില്‍ ഒത്തുതീര്‍പ്പുണ്ടാവുന്നതു വരെയോ കേസ് തീരും വരെയോ തുഷാറിന് യുഎഇ വിടാനാവില്ലെന്നത് കനത്ത തിരിച്ചടിയായിരുന്നു.
വിഷയത്തില്‍ ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഓഫിസില്‍ നിന്നുമുള്ള വിശദീകരണം:
തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യുഎഇയില്‍ നിലനില്‍ക്കുന്നത്. കേസുകളില്‍ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഒരു തരത്തിലും സാധ്യമാവില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോവുകയുള്ളു. തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഈ കേസില്‍ എം എ യൂസഫലിക്കുണ്ടായ ഏക ബന്ധം. അതല്ലാതെ അദ്ദേഹം ഈ കേസില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ ഇടപെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ല.