തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി
നാസിൽ കോടതിയിൽ സമർപ്പിച്ച രേഖകൾ വിശ്വാസ യോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചുനൽകി.
അജ്മാൻ: തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി. പരാതിക്കാരന്‍റെ വാദം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ ഹരജി അജ്‍മാൻ കോടതി തള്ളിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുല്ല നൽകിയ ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
നാസിൽ കോടതിയിൽ സമർപ്പിച്ച രേഖകൾ വിശ്വാസ യോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചുനൽകി. തുഷാർ നാട്ടിലേക്ക് പോകുന്നത് തടയാൻ നാസിൽ നൽകിയ ഹരജി കോടതി തള്ളിയിരുന്നു. അതേസമയം സിവിൽ കേസ് കോടതിയിൽ നിലനിൽക്കും. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ തുഷാർ വാദിച്ചിരുന്നു.
ആഗസ്ത് 21ന് രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്നായിരുന്നു ആരോപണം.