മല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ വള്ളത്തിലെ ജീവനക്കാരെ രക്ഷപ്പെടുത്തി
താനൂര്‍: കടലില്‍ മല്‍സ്യബന്ധനത്തിനിടെ യന്ത്രം തകരാറിലായി കടലില്‍ കുടുങ്ങിയ ഇന്‍ബോഡ് വള്ളവും 45 തൊഴിലാളികളെയും ഫിഷറീസ് സുരക്ഷാ ബോട്ടില്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. കഴിഞ്ഞ ദിവസം രാവിലെ താനൂര്‍ ഹാര്‍ബറില്‍ നിന്നു മല്‍സ്യ ബന്ധനത്തിന് പോയ കോര്‍മ്മന്‍ കടപ്പുറം സ്വദേശി പൗറകത്ത് മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള 'സിറാജ്' എന്ന ഇന്‍ബോഡ് വള്ളമാണ് ഇന്നു രാവിലെ പ്രൊപ്പല്ലര്‍ തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടലില്‍ ഒഴുകിയത്. ഇതില്‍ 45 തൊഴിലാളികളാണുണ്ടായിരുന്നത്. അപകട വിവരം ലഭിച്ചയുടന്‍ പൊന്നാനി ഫിഷറീസ് സ്‌റ്റേഷനില്‍ നിന്നു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും റെസ്‌ക്യൂ ഗാര്‍ഡുമാരും സുരക്ഷാ ബോട്ടുമായി പുറപ്പെട്ട് ഇവരെ സുരക്ഷിതമായി പൊന്നാനി ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. ഫിഷറീസ് അസി. ഡയറക്ടര്‍ വി സുനീറിന്റെ നിര്‍ദേശമനുസരിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ കെ സമീറലി, സിപിഒമാരായ റിതുല്‍ രാജ്, ശരണ്‍ കുമാര്‍, റെസ്‌ക്യൂ ഗാര്‍ഡുമാരായ അന്‍സാര്‍, അലി അക്ബര്‍, അബ്ദുര്‍റഹ്മാന്‍ കുട്ടി, നൗഷാദ്, മുസ്തഫ, ബോട്ട് ജീവനക്കാരായ യൂനസ്, ലുഖ്മാന്‍, മുനീര്‍, ബഷീര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.