തീവ്ര വലതുപക്ഷത്തെ മൂലയ്ക്കിരുത്തി ഫ്രാന്‍സ്; മാക്രോണിന് ഭരണത്തുടര്‍ച്ച

രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ മക്രോണ്‍ 58% വോട്ട് നേടിയതോടെയാണ് വിജയം ഉറപ്പിച്ചത്. മറീന്‍ ലെ പെന്നിന് 41% വോട്ട് നേടാനേ സാധിച്ചുള്ളൂ.

Update: 2022-04-25 00:45 GMT

പാരീസ്: ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നായ ഫ്രാന്‍സിനെ ഇമ്മാനുവേല്‍ മാക്രോണ്‍ വീണ്ടും നയിക്കും. മറീന്‍ ലെ പെന്നിനെ കെട്ടുകെട്ടിച്ചാണ് ഇമ്മാനുവേല്‍ മാക്രോണ്‍ വീണ്ടും ഫ്രാന്‍സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ മക്രോണ്‍ 58% വോട്ട് നേടിയതോടെയാണ് വിജയം ഉറപ്പിച്ചത്. മറീന്‍ ലെ പെന്നിന് 41% വോട്ട് നേടാനേ സാധിച്ചുള്ളൂ.

തീവ്ര ക്രിസ്ത്യന്‍ വലത് വലതുപാര്‍ട്ടിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിഞ്ഞെന്ന ആശ്വാസമാണ് മാക്രോണിന്റെ വിജയം യൂറോപ്പിന് നല്‍കുന്നത്. മധ്യ മിതവാദി ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന ലാ റിപ്പബ്ലിക്ക് എന്‍ മാര്‍ഷെ പാര്‍ട്ടി നേതാവായ മക്രോണ്‍, എതിരാളിയായ മറീന്‍ പെന്നിനെതിരേ എല്ലാ ഘട്ടത്തിലും വ്യക്തമായ ലീഡ് നേടിയിരുന്നു. ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിന്റെ അഭിപ്രായ സര്‍വേയില്‍ അദ്ദേഹം മുന്നിലായിരുന്നു. രണ്ടാം ഘട്ടത്തില്‍ ശക്തമായ മത്സരത്തിനൊടുവിലാണ് മാക്രോണിന്റെ വിജയം പ്രഖ്യാപിക്കപ്പെട്ടത്.

2002ല്‍ ജാക് ഷിറാക്കിനു ശേഷം ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന ഖ്യാതിയും ഇതോടെ മാക്രോണ്‍ നേടി.

ജീവിതച്ചെലവും യുക്രെയ്ന്‍ യുദ്ധവും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്യന്‍ യൂനിയന്‍ അംഗത്വവും കാലാവസ്ഥ വ്യതിയാനവും ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക ശിരോവസ്ത്രത്തിനെതിരേ മറീന്‍ ലെ പെന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അവര്‍ക്ക് തിരിച്ചടിയായി.

'പരിവര്‍ത്തനങ്ങളുടെ അഞ്ച് വര്‍ഷങ്ങള്‍ക്കും സന്തോഷകരവും ബുദ്ധിമുട്ടേറിയ സമയങ്ങള്‍ക്കും മുമ്പില്ലാത്തവിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ശേഷം വീണ്ടും ഫ്രാന്‍സിലെ ജനങ്ങള്‍ ഫ്രാന്‍സിനെ നയിക്കാന്‍ തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി'- വിജയം ഉറപ്പിച്ചതിന് പിന്നാലെ മക്രോണ്‍ പ്രതികരിച്ചു.

അതേസമയം, മാക്രോണിനോട് പരാജയം സമ്മതിച്ച മറീന്‍ ലെ പെന്‍, തന്റേത് ഉജ്ജ്വലമായ വിജയമാണെന്ന് അവകാശപ്പെട്ടു. താന്‍ ഫ്രാന്‍സിനെ കൈവിടില്ലെന്നും 2017നേക്കാള്‍ മികച്ച വിജയമാണ് തന്റേതെന്നും അവര്‍ പറഞ്ഞു. വരാനിരിക്കുന്ന ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പുകള്‍ക്കായി പോരാട്ടം ആരംഭിക്കുകയാണെന്നും അവര്‍ അറിയിച്ചു.

അതിനിടെ, ഭരണത്തുടര്‍ച്ച നേടിയ മക്രോണിനെ ലോക നേതാക്കള്‍ അഭിനന്ദിച്ചു. അടുത്ത അഞ്ച് വര്‍ഷം കൂടി തങ്ങള്‍ക്ക് ഫ്രാന്‍സിനെ ആശ്രയിക്കാമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ശ്രേഷ്ഠമായ സഹകരണം ഇനിയും തുടരാമെന്ന് യൂറോപ്യന്‍ കമ്മീഷനും പ്രതികരിച്ചു. ജര്‍മന്‍ ചാന്‍സിലര്‍ ഓലാഫ് ഷോള്‍സ്, ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമീഷണര്‍ എന്നിവരും മാക്രോണിന് ആശംസകള്‍ നേര്‍ന്നു.

Tags:    

Similar News