അള്‍ജീരിയയില്‍ സൈന്യം നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് പറയാതെ ഫ്രഞ്ച് പ്രസിഡന്റ്

ഫ്രാന്‍സിന്റെ 132 വര്‍ഷം നീണ്ട അള്‍ജീരിയന്‍ അധിനിവേശത്തിലോ സ്വാതന്ത്ര്യസമരത്തിനെതിരായ ക്രൂരമായ അടിച്ചമര്‍ത്തലിലോ പശ്ചാത്താപമോ ക്ഷമാപണമോ നടത്തില്ലെന്ന് മാക്രോണിന്റെ ഓഫിസിനെ ഉദ്ധരിച്ച് ഫ്രാന്‍സ് 24 റിപോര്‍ട്ട് ചെയ്തു.

Update: 2021-01-22 14:13 GMT

പാരിസ്: കോളനിഭരണകാലത്ത് അള്‍ജീരിയയില്‍ സൈന്യം ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങള്‍ക്ക് മാപ്പ് പറയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സിന്റെ 132 വര്‍ഷം നീണ്ട അള്‍ജീരിയന്‍ അധിനിവേശത്തിലോ സ്വാതന്ത്ര്യസമരത്തിനെതിരായ ക്രൂരമായ അടിച്ചമര്‍ത്തലിലോ പശ്ചാത്താപമോ ക്ഷമാപണമോ നടത്തില്ലെന്ന് മാക്രോണിന്റെ ഓഫിസിനെ ഉദ്ധരിച്ച് ഫ്രാന്‍സ് 24 റിപോര്‍ട്ട് ചെയ്തു. പകരം അനുരഞ്ജനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രതീകാത്മക പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ് പങ്കാളിയാവുമെന്ന് മാക്രോണിന്റെ ഓഫിസ് വ്യക്തമാക്കി. 1962 ജൂലൈ 5നാണ് ഫ്രാന്‍സില്‍നിന്ന് അള്‍ജീരിയ സ്വാതന്ത്ര്യം നേടിയത്.


പ്രശസ്ത ചരിത്രകാരനായ ബെഞ്ചമിന്‍ സ്‌റ്റോറയെ എലിസിയില്‍ സന്ദര്‍ശിച്ച് അള്‍ജീരിയയുടെ കോളനി കാലത്തെക്കുറിച്ചുള്ള റിപോര്‍ട്ട് മാക്രോണ്‍ സ്വീകരിക്കാനിക്കെയാണ് ഈ പരാമര്‍ശം പുറത്തുവന്നിരിക്കുന്നത്. അള്‍ജീരിയന്‍ യുദ്ധത്തിന്റെ അറിയപ്പെടുന്ന ചരിത്രം വ്യക്തതയോടെ ഉറപ്പുവരുത്തുന്നതിന് കഴിഞ്ഞ ജൂലൈയിലാണ് സ്‌റ്റോറയെ മാക്രോണ്‍ നിയോഗിച്ചത്.




 നൂറ്റാണ്ടുമുമ്പ് നടത്തിയ അധിനിവേശത്തിന് ഫ്രാന്‍സില്‍നിന്ന് പൂര്‍ണ മാപ്പ് പ്രതീക്ഷിക്കുന്നതായി അല്‍ജീരിയ നേരത്തേ വ്യക്തമാക്കിയിരുന്നു.രാജ്യത്ത് കൊളോണിയല്‍ ഭരണകാലത്ത് നടന്ന വിവേചനപരമായ നടപടികളും കുറ്റകൃത്യങ്ങളും അംഗീകരിച്ച് ക്ഷമ ചോദിക്കണമെന്നായിരുന്നു അല്‍ജീരിയയുടെ ആവശ്യം.




 15 ലക്ഷം അള്‍ജീരിയക്കാര്‍ സ്വാതന്ത്ര്യസമരത്തിനിടെ കൊല്ലപ്പെട്ടെന്നാണ് അള്‍ജീരിയന്‍ ചരിത്രകാരന്മാരുടെ കണക്ക്. 1954-1962 ലെ അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരകാലത്ത് ഇരു ഭാഗത്തുമായി നാലു ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഫ്രഞ്ച് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത്. മാക്രോണ്‍ ഔദ്യോഗിക ക്ഷമാപണം നിരസിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ രക്തരൂക്ഷിതമായ കൊളോണിയല്‍ ഭൂതകാലത്തെ അംഗീകരിച്ച ചുരുക്കം ചില ഫ്രഞ്ച് നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.

2017ല്‍ ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കെ ഫ്രാന്‍സിന്റെ കൊളോണിയല്‍ ചരിത്രത്തെ 'മാനവരാശിക്കെതിരായ കുറ്റകൃത്യം' എന്ന് വിശേഷിപ്പിക്കുകയും അപലപിക്കുകയും ചെയ്തിരുന്നു.

ഉത്തരാഫ്രിക്കന്‍രാജ്യമായ അല്‍ജീരിയയെ 132 കൊല്ലമാണ് ഫ്രാന്‍സ് കോളനിയാക്കിവെച്ചത്. എട്ടുകൊല്ലത്തെ കടുത്ത പോരാട്ടത്തിനൊടുവിലാണ് അള്‍ജീരിയ ഫ്രഞ്ച് അധിനിവേശത്തില്‍നിന്ന് സ്വതന്ത്രമായത്. ഇരുരാജ്യങ്ങളും തമ്മിലെ പിന്നീടുള്ള ബന്ധത്തെ ഈ ഭൂതകാലം സാരമായി ബാധിച്ചിരുന്നു.

ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി കൊളോണിയല്‍ക്കാലത്ത് ഫ്രഞ്ച് അധിനിവേശം സൈന്യം കൊലപ്പെടുത്തിയ 24 പോരാളികളുടെ മുറിച്ചെടുത്ത തലകളുടെ അവശിഷ്ടമായ തലയോട്ടികള്‍ ഫ്രാന്‍സ് അല്‍ജീരിയയ്ക്ക് കഴിഞ്ഞ വര്‍ഷം കൈമാറിയിരുന്നു.

Tags:    

Similar News