''ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം റിയല്‍ എസ്റ്റേറ്റ് ഓപ്പറേഷനല്ല'': ട്രംപിനെ വിമര്‍ശിച്ച് ഫ്രെഞ്ച് പ്രസിഡന്റ്

പാരിസ്: ഗസ പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫലസ്തീനികളെയും അറബ് അയല്‍ക്കാരെയും ബഹുമാനിക്കാന്‍ ട്രംപ് തയ്യാറാവണമെന്ന് യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു. 20 ലക്ഷം പേരോട് കുടിയൊഴിഞ്ഞുപോവണമെന്ന് പറയാനാവില്ല. ഫലസ്തീന്‍ പ്രശ്‌നം രാഷ്ട്രീയപ്രശ്‌നമാണ്, അതൊരു റിയല്‍ എസ്റ്റേറ്റ് പ്രശ്‌നമല്ല. ഗസ പുനര്‍നിര്‍മിക്കുമ്പോള്‍ മനുഷ്യരോടും രാജ്യങ്ങളോടുമുള്ള ബഹുമാനം നഷ്ടപ്പെടരുത്. സ്വന്തം നാട്ടില്‍ തന്നെ തുടരുമെന്നതാണ് ഫലസ്തീനികളുടെ നിലപാട്. ഗസാ നിവാസികളെ അഭയാര്‍ത്ഥികളായി സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ഈജിപ്തും ജോര്‍ദാനും പ്രഖ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ ഗസ അധിനിവേശത്തെ നേരത്തെ മാക്രോണ്‍ പിന്തുണച്ചിരുന്നു. എന്നാല്‍, 2024 ഒക്ടോബറില്‍ ഇസ്രായേല്‍ സൈന്യത്തിന് ആയുധങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തി. ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കരുതെന്ന് മറ്റുരാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.