ഇയര്‍ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന മദ്‌റസ അധ്യാപകന്‍ തീവണ്ടി തട്ടി മരിച്ചു
ചെമ്പ്രശ്ശേരി ഈസ്റ്റിലെ വടക്കന്‍ മുഹ്‌യുദ്ദീന്‍ സഖാഫിയാണ് തീവണ്ടി തട്ടി മരിച്ചത്
കാളികാവ്: മൊബൈലില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്നുപോയ മദ്‌റസ അധ്യാപകന്‍ തീവണ്ടി തട്ടി മരിച്ചു. ചെമ്പ്രശ്ശേരി ഈസ്റ്റിലെ വടക്കന്‍ മുഹ്‌യുദ്ദീന്‍ സഖാഫിയാണ് തീവണ്ടി തട്ടി മരിച്ചത്. കാളികാവ് തൊടികപ്പുലത്താണ് സംഭവം. ബുധനാഴ്ച രാവിലെ ഒമ്പതിന് തൊടികപ്പുലം റെയില്‍വേ സ്‌റ്റേഷനടുത്താണ് സംഭവം. ജോലി സ്ഥലമായ എറണാകുളത്തേക്ക് പോവുന്നതിനാണ് സ്‌റ്റേഷനിലേക്ക് പോയത്. ദിനേന രാവിലെ ഷൊര്‍ണൂരില്‍ നിന്നു നിലമ്പൂരിലേക്ക് പോവുന്ന പാസഞ്ചര്‍ ട്രെയിന്‍ ഇന്നലെ അരമണിക്കൂര്‍ വൈകിയാണ് ഓടിയിരുന്നത്. ഈ ട്രെയിന്‍ കടന്നുപോയിരിക്കും എന്നു കരുതിയായിരിക്കും ട്രാക്കിലൂടെ നടന്നെതെന്നാണ് നാട്ടുകാരുടെ നിഗമനം. ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് അപകടം.
തൊട്ടടുത്ത ചായക്കടയില്‍നിന്ന് ആളുകള്‍ വിളിച്ച് കൂവിയിട്ടും ഇയാള്‍ കേട്ടിരുന്നില്ല. ട്രെയിന്‍ 20 മീറ്ററിലധികം ദൂരം യുവാവിനെ വലിച്ചുകൊണ്ടു പോയി. ചെമ്പ്രശ്ശേരി ഈസ്റ്റിലെ സാമൂഹിക പ്രവര്‍ത്തകനും എസ് വൈ എസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. എറണാകുളത്ത് മദ്‌റസാ അധ്യാപകനായാണ് ജോലി നോക്കിയിരുന്നത്. കാളികാവ് ഇന്‍സ്‌പെക്ടര്‍ ജോതീന്ദര്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ സി കെ നൗഷാദ്, അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്: ഫാത്തിമ. ഭാര്യ: റംലത്ത്. മക്കള്‍: മുഹമ്മദ് ബാസിത്ത്, ഫാത്തിമ റൈഹാന, ഫറ ഫാത്തിമ, നൂറ ഫാത്തിമ.മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ചെമ്പ്രശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.